കാൻബറ: മുൻ ഇസ്രായേൽ മന്ത്രി ആയലത്ത് ഷാക്കെദിന് വിസ നിഷേധിച്ച് ഓസ്ട്രേലിയ. ഓസ്ട്രേലിയ – ഇസ്രായേൽ ജ്യുയിഷ് അഫയേഴ്സ് കൗൺസിൽ (AIJAC) അടുത്തയാഴ്ച സംഘടിപ്പിക്കുന്ന സുരക്ഷാ കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി ഷാക്കെദ് സമർപ്പിച്ച വിസ അപേക്ഷയാണ് ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രാലയം തള്ളിയത്. ഷാക്കെദ് ഓസ്ട്രേലിയക്കാരെ പ്രകോപിതരാക്കാനും ജനങ്ങളിൽ ഭിന്നതയുണ്ടാക്കാനും സാധ്യതയുണ്ടെന്നു കാണിച്ചാണ് നടപടി.
അപേക്ഷിക്കുന്നയാൾ ഓസ്ട്രേലിയയിൽ കുഴപ്പമുണ്ടാക്കുമെന്ന സംശയമുണ്ടെങ്കിൽ വിസ അപേക്ഷ നിരസിക്കാമെന്ന കുടിയേറ്റ നിയമത്തിലെ വ്യവസ്ഥ പ്രകാരമാണ് ഷാക്കെദിന് വിസ നിഷേധിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. തനിക്ക് പ്രവേശനം നിഷേധിച്ചത് ഓസ്ട്രേലിയൻ ഭരണകൂടം സെമിറ്റിക് വിരുദ്ധരായി മാറിയതിന്റെ തെളിവാണെന്ന് ഷാക്കെദ് ആരോപിച്ചു.
യാഥാസ്ഥിതിക ജൂത പാർട്ടിയായ ‘ദി ജ്യുയിഷ് ഹോമി’ന്റെ പ്രതിനിധിയായി ഇസ്രായേൽ നെസറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന ആയലത്ത് ഷാക്കെദ് രണ്ടുതവണ ബെഞ്ചമിൻ നെതന്യാഹു മന്ത്രിസഭയിൽ അംഗമായിരുന്നു. 2015-2019 കാലയളവിൽ നീതി വകുപ്പും 2021 മുതൽ 2022 വരെ ആഭ്യന്തരകാര്യ വകുപ്പുമാണ് ഇവർ കൈകാര്യം ചെയ്തിരുന്നത്.