ബ്രാഡ്ഫോർഡ്: യുകെയിൽ ആലപ്പുഴ സ്വദേശിയായ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. ബ്രാഡ്ഫോർഡ് റോയൽ ഇൻഫോമറി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന വൈശാഖ് രമേശ് (35) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. ഏകദേശം ഒരു വർഷം മുൻപ് മാത്രമാണ് വൈശാഖ് യുകെയിലെത്തിയത്. നാട്ടിലായിരുന്ന ഭാര്യ ശരണ്യ യുകെയിലെത്തിയത് മൂന്നാഴ്‌ച മുൻപ് മാത്രമാണ്. കർണാടകയിലെ ഷിമോഗയിലാണ് വൈശാഖ് നഴ്സിങ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് ബെംഗളൂരു, മുംബൈ, കോഴിക്കോട് എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷമാണ് യുകെയിൽ എത്തിയത്.
ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ പ്രാദേശിക മലയാളി കൂട്ടായ്മകളിൽ സജീവമായിരുന്ന വൈശാഖിന് നല്ലൊരു സുഹൃദ്‌വലയം തന്നെയുണ്ടായിരുന്നു. നല്ലൊരു ഗായകൻ കൂടിയായ വൈശാഖ് യുകെയിൽ നിരവധി വേദികളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബർ 1 നായിരുന്നു വൈശാഖിന്റെ ജന്മദിനം.
വൈശാഖിന്റെ അപ്രതീക്ഷിത വേർപാട് ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും. സംസ്കാരം ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ പിന്നീട്.