അബുദാബി: സമുദ്രഗവേഷ രംഗത്ത് പുതിയ നാഴികക്കല്ലായ യുഎഇയുടെ അത്യാധുനിക കപ്പല്‍ യുവാന്‍ പുറത്തിറക്കി. യുഎഇ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തിറക്കുന്ന യുവാന്‍ സമുദ്രഗവേഷണമേഖലയില്‍ പുത്തന്‍ കാല്‍വെപ്പ് സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്. യുഎഇ പരിസ്ഥിതി ഏജന്‍സിയായ ഇഎഡിയാണ് കപ്പല്‍ വികസിപ്പിച്ചെടുത്തത്. സമുദ്രഗവേഷണ രംഗത്തെ വിദഗ്ധരാണ് യുവാനില്‍ പഠനപ്രവര്‍ത്തനത്തിന് തയ്യാറെടുക്കുന്നത്.
അന്‍പത് മീറ്റര്‍ വലുപ്പമുള്ള യുവാന്‍ മുപ്പതോളം ക്ര്യൂവിനെ ഉള്‍ക്കൊള്ളാവുന്ന വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗവേഷണത്തിനായി ആറോളം ലബോറട്ടറികളാണ് യുവാനില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇഎഡി ചെയര്‍മാന്‍ ഷെയ്ഖ് ഹമദാന്‍ ബിന്‍ സയിദ് അല്‍-നഹ്യാനാണ് കപ്പല്‍ കടലിലിറക്കിയത്. അറേബ്യന്‍ ഗള്‍ഫിലെ യുഎഇ പ്രാദേശിക സമുദ്രമേഖല, ഒമാന്‍ കടല്‍ എന്നിവിടങ്ങളായിരിക്കും യുവാന്റെ പ്രവര്‍ത്തന മേഖലകളെന്നാണ് അറിയുന്നത്. പത്ത് മീറ്ററില്‍ കൂടുതല്‍ ആഴമുള്ള സമുദ്രജലത്തിലാണ് ഇഎഡി ഗവേഷണം നടത്തുക. കാലാവസ്ഥാ വ്യതിയാനങ്ങള്‍ സമുദ്ര ജൈവവൈവിധ്യത്തെ എങ്ങനെ മാറ്റിമറിക്കുമെന്നതും യുവാന്‍ പഠനത്തിനു വിധേയമാക്കും.
ദേശീയതലത്തിലും ആഗോളതലത്തിലും സമുദ്ര ഗവേഷണ രംഗത്തെ പരിപോഷിപ്പിക്കുന്നതാണ് യുവാന്‍ എന്നും ഷെയ്ഖ് ഹമദാന്‍ വെസല്‍ ചടങ്ങില്‍ വിലയിരുത്തി. സമുദ്ര ജൈവവൈവിധ്യത്തെ നിരീക്ഷിക്കാനും കാലാവസ്ഥാ വ്യതിയാനങ്ങള്‍ സമുദ്ര ജൈവവിധ്യത്തില്‍ വരുത്തുന്നമാറ്റങ്ങള്‍ സംബന്ധിച്ചും ആഴത്തില്‍ പഠനം നടത്തുന്നതിന് യുവാന്‍ സഹായിക്കും. പരിസ്ഥിതി പഠന രംഗത്തെ വിദഗ്ധരാണ് കപ്പല്‍ ഉപയോഗിച്ച് പഠനം നടത്തുന്നത്. മത്സ്യവിഭവ സംരക്ഷണത്തിനും സമുദ്ര ജൈവ വൈവിധ്യ സംരക്ഷണത്തിനും യുവാന്‍ സഹായിക്കുമെന്നും ഷെയ്ഖ് ഹമദാന്‍ വിലയിരുത്തി.
STORY HIGHLIGHTS: Abu Dhabi launches Jaywun marine research vessel