ബോക്സ് ഓഫീസ് വേട്ടയിൽ അജിത്തിനെയും വിജയ്‌യെയും കടത്തിവെട്ടി ബാലയ്യ. ജനുവരി 12-ന് സംക്രാന്തി റിലീസ് ആയി തിയേറ്ററുകളിലെത്തിയ ‘വീര സിംഹ റെഡ്ഡി’ ആഗോളതലത്തിൽ ആദ്യദിനം നേടിയത് 54 കോടി രൂപയാണ്. സിനിമയുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ആണ് കളക്ഷൻ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
ബാലയ്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ചിത്രം നീങ്ങുന്നത്. വീര സിംഹ റെഡ്ഡിയുടെ ഓൾ ഇന്ത്യ കളക്ഷൻ 42 കോടിയാണ്. ആന്ധ്രാപ്രദേശ്–തെലുങ്കാന എന്നിവിടങ്ങളിൽ നിന്നും 38.7 കോടിയും കർണാടകയിൽ നിന്ന് 3.25 കോടിയും നേടി. ഓവർസീസ് കളക്ഷൻ എട്ട് കോടിയാണ്. ഇതിനു മുൻപ് ബാലയ്യയുടേതായി ആദ്യദിനം ഏറ്റവുമധികം കളക്ഷൻ ലഭിച്ച ചിത്രം ‘അഖണ്ഡ’യായിരുന്നു. 29.6 കോടിയായിരുന്നു ആദ്യ ദിനം വാരിയത്.
വലിയ പ്രി-റിലീസ് ഹൈപ്പോടെ എത്തിയ വിജയ് ചിത്രം ‘വാരിസി’നും അജിത് ചിത്രം ‘തുണിവി’നും ആദ്യ ദിനം 50 കോടി തൊടാനായില്ല. വാരിസ് 49 കോടിയും തുണിവ് 42 കോടിയും ആഗോള കളക്ഷൻ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. വാരിസ് തെലുങ്ക് പതിപ്പ് അതേ ദിവസം റിലീസ് ചെയ്യാതിരുന്നതും കളക്ഷനെ ബാധിച്ചു എന്നാണ് വിലയിരുത്തൽ. ഇന്നാണ് തെലുങ്ക് പതിപ്പ് റിലീസ്.
വാരിസ് കേരളത്തിൽ പത്ത് കോടിയോട് അടുക്കുന്നുവെന്ന് റിപ്പോർട്ട് ഉണ്ട്. നാല് കോടി ആയിരുന്നു ആദ്യ ദിന കളക്ഷൻ. വാരിസ് 400 സ്ക്രീനുകളിലാണ് കേരളത്തിൽ റിലീസ് ചെയ്തത്, തുണിവ് 250 സ്ക്രീനുകളിലും. ഈ ആഴ്ച മറ്റ് മലയാള സിനിമകൾ റിലീസ് ചെയ്യാതിരുന്നത് വരും ദിവസങ്ങളിൽ രണ്ട് സിനിമകൾക്കും ഗുണം ചെയ്തേക്കും.
Story Highlights: Veera Simha Reddy opening collection beat Varisu Thunivu