തൃശൂര്‍: പുതിയ തട്ടിപ്പ് നമ്പറുമായി സൈബര്‍ തട്ടിപ്പുകാര്‍ രംഗത്ത്. ഫോണില്‍ വിളിച്ച് വളരെ മാന്യമായി സംസാരിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് തട്ടിപ്പ് രീതി. ‘സാര്‍, നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഈ നമ്പര്‍ ഞാന്‍ മുമ്പ് ഉപയോഗിച്ചിരുന്നതാണ്. ആറ് വര്‍ഷം മുമ്പ് ഞാന്‍ വിദേശത്തായിരുന്നു. ഞാനിപ്പോള്‍ നാട്ടില്‍ വന്നതാണ്. ഞാന്‍ ഉപയോഗിച്ചരുന്ന എന്റെ പഴയ നമ്പരിലാണ് എന്റെ ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും ലൈസന്‍സും എല്ലാം ലിങ്ക് ചെയ്തിരുന്നത്. ആ രേഖകള്‍ എനിക്ക് വീണ്ടും തിരിച്ചെടുക്കുന്നതിനായി സാറിന്റെ ഒരു സഹായം വേണം സാറിന്റെ മൊബൈലില്‍ ഒരു ഒ.ടി.പി. വരും. അതൊന്ന് പറഞ്ഞുതരുമോ. എന്നാല്‍ മാത്രമേ എനിക്ക് എന്റെ രേഖകള്‍ മാറ്റാന്‍ പറ്റൂ’ എന്ന് സൗമ്യമായ രീതിയില്‍ സംസാരിച്ചാണ് തട്ടിപ്പ്.
അതത് സംസ്ഥാനത്തെ ഭാഷകള്‍ തട്ടിപ്പുകാര്‍ സംസാരിക്കും. കേള്‍ക്കുന്നവരില്‍ വിശ്വാസമുണ്ടാക്കി ഒ.ടി.പി. നമ്പര്‍ വാങ്ങി പണം ചോര്‍ത്തുകയാണ് പതിവ്. ഇങ്ങനെ വിളിക്കുന്നവര്‍ക്ക് ഒരിക്കലും ഒ.ടി.പി. പറഞ്ഞുകൊടുക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. സൈബര്‍ തട്ടിപ്പുകാര്‍ പല തന്ത്രങ്ങളും മെനഞ്ഞ് നിങ്ങളുടെ മുന്നിലെത്താം. എന്നാല്‍ ബാങ്കുമായി ബന്ധപ്പെട്ട യാതൊരു വിവരവും കൈമാറരുത്. സൈബര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പൊലീസ് പറയുന്നു. സൈബര്‍ തട്ടിപ്പില്‍ ഇരയായാല്‍ ഉടന്‍തന്നെ 1930 എന്ന നമ്പരില്‍ വിളിക്കണമെന്നും പൊലീസ് അറിയിച്ചു.