കുവൈത്ത്: രാജ്യത്തെ സ്വദേശികളും വിദേശികളും തമ്മിലുള്ള ജനസംഖ്യാനുപാതം വര്‍ധിക്കുന്നതില്‍ അടിയന്തിര നടപടികളെടുക്കാന്‍ കുവൈത്ത്. കുവൈത്ത് ആഭ്യന്തരമന്ത്രാലയമാണ് വിഷയത്തില്‍ അടിയന്തരമായി ഇടപെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി ശൈഖ് തലാല്‍ അല്‍ ഖാലിദ് അസ്സബാഹിന്റെ നേതൃത്വത്തില്‍ ജനുവരി അവസാനത്തോടെ പ്രത്യേക യോഗം ചേരും. കുവൈത്ത് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍, ഇഖാമ കാര്യവകുപ്പ്, സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ എന്നിവയും പങ്കെടുക്കും.
വിദേശി, സ്വദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതില്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ യോഗത്തില്‍ മുഖ്യ ചര്‍ച്ചാ വിഷയമാകും. വിദേശി, സ്വദേശി അനുപാത വിഷയത്തില്‍ പ്രത്യേക രൂപരേഖ തയ്യാറാക്കണമെന്ന് യോഗത്തിൽ നിര്‍ദേശം നൽകും. രാജ്യത്ത് അവിദഗ്ദ്ധ തൊഴിലാളികളുടെ എണ്ണം കുറക്കാന്‍ തീരുമാനമെടുത്തേക്കും. രാജ്യത്തെ വിദേശികളില്‍ ഭൂരിപക്ഷം പേരും അവിദഗ്ദ്ധ തൊഴിലാളികളാണ്. നിക്ഷേപം നടത്താത്ത വിദേശികളുടെ താമസ കാലാവധി അഞ്ചുവര്‍ഷമായി പരിമിതപ്പെടുത്താനും കുവൈത്ത് സാധ്യതയുണ്ട്.
രാജ്യത്തെ അവിദഗ്ദ്ധ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരുന്നത് സംബന്ധിച്ച് കുവൈത്ത് നേരത്തെ തീരുമാനമെടുത്തിരുന്നു. തൊഴിലാളികളെ കൊണ്ടുവരുന്നതില്‍ തൊഴിലുടമക്കുമേല്‍ നിശ്ചിത ഫീസ് ചുമത്തുന്നതും യോഗത്തില്‍ തീരുമാനമെടുക്കും. സര്‍ക്കാര്‍ പദ്ധതികളില്‍ ജോലി ചെയ്യുന്ന കാലാവധി പൂര്‍ത്തിയായ കരാര്‍ തൊഴിലാളികളെ മടക്കി അയക്കണമെന്ന നിര്‍ദേശവും യോഗത്തില്‍ മുന്നോട്ടുവെച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
STORY HIGHLIGHTS: Population imbalance actions accelerate in kuwait