ബാലി: ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടതിന് പൊലീസ് പിടിയിലായവരിൽ 2002 ലെ ബാലി ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഓസ്‌ട്രേലിയൻ ദമ്പതികളും. ദീർഘകാലമായി ബാലിയിൽ താമസിക്കുന്ന മൈക്കൽ ജെറോം ലെ ഗ്രാൻഡ് (50), ലിൻലി ലെ ഗ്രാൻഡ് (44) എന്നിവരെ ഈ ആഴ്ച ആദ്യം സ്പാ റെയ്ഡ് ചെയ്താണ് പൊലീസ് പിടികൂടിയത്. ഇന്തൊനീഷ്യയിൽ അറസ്റ്റിലായ രണ്ട് ഓസ്‌ട്രേലിയൻ പൗരന്മാർക്ക് കോൺസുലർ സഹായം നൽകുന്നുണ്ടെന്ന് വിദേശകാര്യ, വ്യാപാര വകുപ്പിന്‍റെ വക്താവ് പറഞ്ഞു.
കുട്ട ജില്ലയിലെ പിങ്ക് പാലസ് സ്പാ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷനിൽ അറസ്റ്റിലായ മറ്റ് എട്ട് പേർക്കൊപ്പം പൊലീസ് ഇവരെ മാധ്യമങ്ങളുടെ മുന്നിൽ എത്തിച്ചിരുന്നു. ജയിലിലെ വേഷമായ ഓറഞ്ച് നിറമുള്ള വസ്ത്രമാണ് ഇരുവരും അന്ന് ധരിച്ചിരുന്നത്. അടിവസ്ത്രങ്ങൾ, കോണ്ടം, മസാജ് ഓയിൽ എന്നിവയുൾപ്പെടെയുള്ള വസ്തുക്കൾ തെളിവായി ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായി ബാലി പൊലീസ് വക്താവ് അറിയിച്ചു. സ്പായിൽ ജോലി ചെയ്തിരുന്ന ഒരു ജീവനക്കാരന് 17 വയസ്സാണ് പ്രായം. ഇതോടെ രാജ്യത്തെ ശിശു സംരക്ഷണ നിയമ പ്രകാരം ഉടമകളെ പ്രോസിക്യൂട്ട് ചെയ്യണോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്നെന്നും പൊലീസ് അറിയിച്ചു.
ഇന്തൊനീഷ്യയിൽ ലൈംഗികത്തൊഴിൽ നിയമവിരുദ്ധമാണ്. ആറ് മാസം മുതൽ 12 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം. രാജ്യത്തെ അശ്ലീല വിരുദ്ധ നിയമപ്രകാരം ദമ്പതികൾക്ക് എതിരെ നടപടിയെടുക്കും. മൈക്കൽ ലെ ഗ്രാൻഡ്, ലിൻലി ലെ ഗ്രാൻഡ് എന്നിവർ ദീർഘകാലമായി ബാലിയിലെ സെമിനാക്കിലെ ജനപ്രിയ കഫേ ദി കോർണർ ഉൾപ്പെടെ നിരവധി ബിസിനസുകൾ നടത്തുന്നവരാണ്.