മെൽബൺ : ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഓഷ്യാന ‘പൈതൃകം 2024’ കൺവൻഷൻ സമാപിച്ചു. ചെണ്ടമേളവും നൃത്തനൃത്ത്യങ്ങളും മാർഗ്ഗംകളിയും മിസ്റ്റർ ക്നാ, മിസ്സ് ക്നാ തുടങ്ങിയ മത്സരങ്ങളും വിവിധ കലാരൂപങ്ങളും കൺവൻഷന്റെ ഭാഗമായ് നടന്നു.
ഓഷ്യാന കമ്മിറ്റിയുടെ പ്രസിഡന്റ് സജി കുന്നം പുറത്ത്, കൺവൻഷൻ ചെയർമാൻ തോമസ് സജീവ്, വിവിധ കമ്മിറ്റി കൺവീനർമാർ, അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന കൺവൻഷനിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. ഓഷ്യാനയിലെ വിവിധ റീജനുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ക്നാനായ യുവതീയുവാക്കളിൽ നിന്നും മിസ്റ്റർ ക്നാ മത്സരത്തിൽ വിജയിച്ചത് ആൽഫ്രഡ് ജോണും (വികെസിസി മെൽബൺ) മിസ്സ് ക്നാ ആയി തിരഞ്ഞെടുക്കപ്പെട്ടത് ദിൽഷാ ഷാജിയും (വികെസിസി മെൽബൺ) ആണ്.
ഓഷ്യാന കമ്മിറ്റി പ്രസിഡന്റ് സജി കുന്നംപുറത്തിന്റെ അധ്യക്ഷതയിൽ കൂടിയ സമാപനസമ്മേളനം ബിജു കെ. സ്റ്റീഫൻ (സൂപ്രണ്ട് ഓഫ് ക്രൈം ബ്രാഞ്ച് ഇടുക്കി), ഫാ. ജോബി പാറയ്ക്കചെരുവിൽ (യുഎസ്എ) എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കൺവൻഷൻ ചെയർമാൻ തോമസ് സജീവ് ഏവർക്കും സ്വാഗതം ആശംസിച്ചു. ഷിബി പഴയംമ്പള്ളി, ഓഷ്യാന കമ്മിറ്റിയുടെ ഭാരവാഹികൾ എന്നിവർ ആശംസകൾ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽനിന്നും എത്തിയ കലാകാരന്മാർ സ്റ്റേജിൽ വിസ്മയം സൃഷ്ടിച്ചു.
സമാപന സമ്മേളനത്തിന് തുടങ്ങുന്നതിന് മുൻപായ് റാലിയും നടന്നു. വിവിധ വേഷവിധാനങ്ങളും പാരമ്പര്യ വസ്ത്രങ്ങളും റാലിയുടെ മാറ്റ് കൂട്ടി. പ്രസിഡന്റ് സജി കുന്നം പുറം നന്ദി അറിയിച്ചു. കൺവൻഷന്റെ വിജയത്തെ തുടർന്ന് കമ്മിറ്റി കൺവീനർമാർക്കും അംഗങ്ങൾക്കും വിക്ടറി ഡേ പാർട്ടി ഓഷ്യാന കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ മെൽബണിൽ നടത്തി. പൈതൃകം 2024 അഞ്ചാമത് കൺവൻഷൻ വിജയമാക്കിയ മുഴുവൻ അംഗങ്ങൾക്കും പ്രത്യേകിച്ച് വികെസിസി ഭാരവാഹികൾക്കും പ്രസിഡന്റ് നന്ദി അറിയിച്ചു.