ലണ്ടന്‍: ലണ്ടനില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് ലൈംഗിക പീഡനക്കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ കൂടി വിധിച്ച് കോടതി. നിലവില്‍ മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഡോക്ടര്‍ മനീഷ് ഷായ്ക്കാണ് വീണ്ടും ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്നത്. 115 കേസുകളാണ് മനീഷ് ഷായ്ക്ക് എതിരെ ഉള്ളത്. സ്ത്രീകളില്‍ സ്തനാര്‍ബുദ ഭീതി ഉണ്ടാക്കി പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരായ കേസ്. ഹോളിവുഡ് താരം ആഞ്ജലീന ജോളിയുടെ അടക്കം ആരോഗ്യസാഹചര്യം വിശദീകരിച്ചായിരുന്നു ചൂഷണം. 15ഉം 17ഉം പ്രായമുള്ള കുട്ടികളെ വരെ മനീഷ് ദുരുപയോഗിച്ചതാണ് ജീവപര്യന്തം ശിക്ഷ നല്‍കാന്‍ കോടതിയെ പ്രേരിപ്പിച്ചതെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കിഴക്കന്‍ ലണ്ടനിലെ റോംഫോര്‍ഡിലുള്ള ജിപി ക്ലിനിക്കില്‍ വെച്ചായിരുന്നു പീഡനം. ഏകദേശം 25 ലൈംഗികാതിക്രമക്കേസുകളില്‍ മനീഷ് ഷാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 53 കാരനായ ഷായ്ക്ക് 90 കുറ്റകൃത്യങ്ങള്‍ക്ക് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ നേരത്തേ വിധിച്ചിരുന്നു. അതിന്റെ കൂടെയാണിപ്പോള്‍ ഇരട്ട ജീവപര്യന്തം നല്‍കിയിരിക്കുന്നത്. 15 നും 34 നും ഇടയില്‍ പ്രായമുള്ള 28 സ്ത്രീകളാണ് ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയിരിക്കുന്നത്.
ഇരകളാക്കപ്പെട്ട സ്ത്രീകള്‍ ഡോക്ടര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിചാരണയ്ക്കിടെ കോടതിയെ അറിയിച്ചിരുന്നു. 12 വര്‍ഷത്തോളം നടന്ന സംഭവങ്ങളുടെ ഭീതി വേട്ടയാടിയതായി കോടതിയില്‍ അതിജീവിതകളിലൊരാള്‍ വിശദമാക്കിയിരുന്നു. പരിശോധനയെന്ന പേരില്‍ സ്ത്രീകളെ ദുരുപയോഗം ചെയ്യുകയായിരുന്നു ഇയാളുടെ രീതി.
2009 മുതല്‍ നാല് വര്‍ഷത്തിനിടയില്‍ നിരവധി സ്ത്രീകളോടാണ് ഇത്തരത്തില്‍ ഇയാള്‍ പെരുമാറിയിരുന്നത്. ക്യാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള രോഗികളുടെ ഭയം മുതലെടുത്താണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നത്. സ്ത്രീകള്‍ക്ക് അപകടകാരി എന്ന വിലയിരുത്തലോടെയാണ് മനീഷ് ഷായ്ക്ക് കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്.
Story Highlights: Manish Shah: Romford GP given more life sentences for sexually assaulting women