കാസർകോട്: അമേരിക്കൻ കപ്പലിൽ നിന്നും കാസർകോട് സ്വദേശിയായ ആൽബർട്ട് ആൻ്റണിയെ കാണാതായ സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്ത്. മകനു വേണ്ടിയുള്ള തെരച്ചിൽ നിർത്തിയെന്നും അടുത്ത സ്ഥലത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് കപ്പൽ അധികൃതർ അറിയിച്ചെന്നും പിതാവ് ആൻ്റണി പറഞ്ഞു. മകനെ ആരെങ്കിലും അപായപ്പെടുത്തിയോ എന്ന് സംശയമുണ്ടെന്നും ആന്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും കേന്ദ്രമന്ത്രി അടക്കമുളളവർക്കും കുടുംബം പരാതി നൽകി.
കപ്പലിന്റെ ഡെസ്റ്റിനേഷൻ ഏത് സ്ഥലമാണെന്ന് അവർ തിട്ടപ്പെടുത്താത്തത് വിലയ സങ്കടമുണ്ടാക്കുന്നു. ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ചിലപ്പോൾ ബ്രസീലായിരിക്കും. അങ്ങനെയെങ്കിൽ അടുത്ത നവംബർ മാസം ആദ്യവാരത്തിലേ എത്തൂവെന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ ഇനിയും ഒരു മാസം കൂടി കാത്തിരിക്കണം. ഡെസ്റ്റിനേഷനും അറിയില്ല. അവനെ ആരെങ്കിലും അപായപ്പെടുത്തിയോ എന്നാണ് സംശയം. അവൻ വളരെ കോൺഫിഡൻ്റായ വ്യക്തിയാണ്. മൂന്നാം തിയ്യതി വീട്ടിലേക്ക് വിളിച്ചപ്പോഴും അവൻ വളരെ ഹാപ്പിയായാണ് സംസാരിച്ചത്. അവര് പറയുന്നതിനനുസരിച്ച് മിസ്സായെന്നാണ് പറയുന്നത്. കപ്പൽ അധികൃതർ അന്വേഷിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും പുറത്തു നിന്നുള്ള ഏജൻസി അന്വേഷിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഷിപ്പ് അടുപ്പിച്ച് അന്വേഷണം നടത്താത്തതെന്ന് ചോദിക്കുമ്പോൾ അവർക്ക് മറുപടിയില്ലെന്നും മകനു വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും കുടുംബം പറയുന്നു.
കാസർകോട് കള്ളാർ അഞ്ചാല സ്വദേശിയാണ് ആൽബർട്ട് ആന്റണി. ചൈനയില്‍ നിന്നും ദക്ഷിണ ആഫ്രിക്കയിലേക്ക് പോവുകയായിരുന്ന എംവി ട്രൂ കോണ്‍റാഡ് കപ്പലില്‍ നിന്നാണ് ആല്‍ബര്‍ട്ട് ആന്‍റണിയെ കാണാതായത്. ശ്രീലങ്കയില്‍ നിന്നും നൂറ് നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കടലിലാണ് സംഭവം. സിനര്‍ജി മാരിടൈം എന്ന കമ്പനിയില്‍ ട്രെയിനി കേഡറ്റ് ആയി ജോലി ചെയ്യുകയായിരുന്നു 22 വയസുകാരനായ ആല്‍ബര്‍ട്ട്. വെള്ളിയാഴ്ചയാണ് ആൽബർട്ടിനെ കാണാതായത് സംബന്ധിച്ച് വീട്ടുകാര്‍ക്ക് വിവരം ലഭിക്കുന്നത്.
ഈ മാസം മൂന്നാം തീയതിയാണ് അവസാനം വിളിച്ചത്. നാലാംതീയതി ഞങ്ങൾ കോൾ കാത്തിരുന്നു എന്നിട്ടും വിളി വന്നില്ലെന്ന് ആൽബർട്ടിന്റെ പിതാവ് പറഞ്ഞു. നാലാം തീയതി രാവിലെ 11.45 വരെ ആല്‍ബര്‍ട്ടിനെ കണ്ടവരുണ്ട്. പിന്നീട് വിവരമൊന്നുമില്ലെന്നും പിതാവ് പറയുന്നു. ആല്‍ബര്‍ട്ടിനെ എത്രയും വേഗം കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.