ഗോള്‍ഡ് കോസ്റ്റ്: ഗുസ്തി താരത്തിന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ യുവാക്കളെ ഓടിച്ചിട്ട് പിടിക്കാന്‍ ശ്രമിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രൊഫഷണല്‍ ഗുസ്തി താരമായ കേസി കാസ് വെല്ലിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലാണ് സംഭവം.
മോഷണത്തിന് എത്തിയ യുവാക്കളെ കാസ്‌വെല്‍ ഓടിച്ചിട്ട് പിടിക്കാന്‍ ശ്രമിക്കുന്നതും അവരെ ചീത്തവിളിക്കുന്നതുമായ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മോഷണത്തിന് തെരഞ്ഞെടുത്ത വീട് ഒരു ഗുസ്തിക്കാരന്റെയാണെന്ന് അറിയാതെയാണ് മോഷ്ടാക്കള്‍ കയറിയതെന്നാണ് ലഭിക്കുന്ന വിവരം. കള്ളന്മാര്‍ അകത്ത് കയറിയത് അറിഞ്ഞ കാസ്‌വെല്‍ തെരുവ് വരെ ഇരുവരെയും ഓടിച്ചു. തന്റെ ഫോണില്‍ സെക്യൂരിറ്റി ക്യാമറകളില്‍ നിന്നുമുള്ള അലര്‍ട്ട് കിട്ടിയതിനെ തുടര്‍ന്നാണ് മോഷ്ടാക്കളുണ്ടോ എന്ന് പരിശോധിക്കാന്‍ ഇറങ്ങിയത് എന്നും അവരെ കണ്ടെത്തിയത് എന്നും കാസ്‌വെല്‍ പറഞ്ഞു.
‘മുഖംമൂടിയൊക്കെ ധരിച്ചാണ് യുവാക്കള്‍ എത്തിയത്. തന്റെ വീട്ടില്‍ രണ്ട് പെണ്‍മക്കളും ഗര്‍ഭിണിയായ ഭാര്യയും ഉണ്ടായിരുന്നു. അവരെ തനിക്ക് സംരക്ഷിക്കേണ്ടിയിരുന്നു. തന്റെ മൂന്ന് വയസുള്ള കുഞ്ഞിനെ വര്‍ഷങ്ങളോളം ഭയപ്പെടുത്തുന്ന ഒന്നായി കള്ളന്മാര്‍ വരുന്ന രംഗം മാറിയേനെ. അതിനാലാണ് അവരെ അടിച്ചോടിച്ചത്’ ഗുസ്തി താരം പറഞ്ഞു. വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയത്. ഗുസ്തിക്കാരന്റെ വീടാണ് എന്ന് അറിയാതെ കയറിയ കള്ളന്മാര്‍ക്ക് കിട്ടേണ്ടത് തന്നെ കിട്ടി എന്നാണ് പലരും പറയുന്നത്.
Story Highlights: Burglary attempt at wrestler’s house: The star chased the thieves to the street