കാൻബറ: ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ സാഹിത്യ അവാർഡിനായി ഷോർട്ട്ലിസ്റ്റ് ചെയ്ത പുസ്തകത്തെച്ചൊല്ലി രാജ്യത്ത് വിവാദം ശക്തമാകുന്നു. എട്ടു വയസു മുതൽ മുകളിലേക്കുള്ള കുട്ടികൾക്കായി തയാറാക്കിയ ‘വെൽകം ടു സെക്‌സ്’ എന്ന പുസ്‌തകമാണ് വിവാദക്കൊടുങ്കാറ്റ് ഉയർത്തിവിട്ടിരിക്കുന്നത്. ലൈംഗിക ഉള്ളടക്കവും അതിന്റെ ഗ്രാഫിക് ചിത്രീകരണവുമടങ്ങുന്ന പുസ്‌തകം വലിയ ചർച്ചകൾക്കും ആശങ്കയ്ക്കുമാണ് തുടക്കമിട്ടിരിക്കുന്നത്.
കുട്ടികളെ ലക്ഷ്യമിട്ടുള്ള ഗൈഡ്ബുക്കിൽ ലൈംഗികത, സ്വയംഭോഗം, ലിംഗഭേദം, എൽ.ജി.ബി.ടി.ക്യു പ്രശ്നനങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് ചിത്രീകരണത്തോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ ലൈംഗീക കാര്യങ്ങളിലുള്ള സ്വഭാവിക ജിജ്ഞാസയെ ചൂഷണം ചെയ്യുന്ന വിധമാണ് പുസ്‌തകത്തിലെ ഉള്ളടക്കം. ഈ പുസ്തകം പ്രായത്തിന് അനുയോജ്യമല്ലെന്നുള്ള വിമർശനം രാജ്യത്ത് ഉയർന്നുകഴിഞ്ഞു. മെലിസ കാങ്ങ്, യൂമി സ്റ്റീൻസ് എന്നിവരാണ് പുസ്തകത്തിൻ്റെ രചയിതാക്കൾ.
പ്രധാനമന്ത്രിയുടെ സാഹിത്യ പുരസ്കാരങ്ങളിൽ യങ് അഡൾട്ട് കാറ്റഗറി എന്ന വിഭാഗത്തിലാണ് ഈ ഗ്രാഫിക് സെക്സ് എജ്യുക്കേഷൻ പുസ്തകം ഷോർട്ട്ലിന്റ് ചെയ്യപ്പെട്ടിട്ടുള്ളത്. പുരസ്കാരം ലഭിച്ചില്ലെങ്കിൽ പോലും ഷോർട്ട്ലിസ്റ്റ് ചെയ്തതിലൂടെ ഈ പുസ്തകത്തിന് സർക്കാർ ദേശീയ അംഗീകാരം നൽകിക്കഴിഞ്ഞു.
പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും യുവമനസുകളിൽ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുമുള്ള മാതാപിതാക്കളുടെ ആശങ്ക പ്രധാനമന്ത്രി ആന്റണി അൽബനീസിയെ അറിയിക്കാൻ ‘സിറ്റിസൺ ഗോ’ എന്ന സന്നദ്ധ സംഘടന അവരുടെ വെബ്സൈറ്റിൽ ഒപ്പുശേഖരണ ക്യാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്. ഓസ്ട്രലിയൻ രാഷ്ട്രീയ നേതാവായ ജോർജ് റോബർട്ട് ക്രിസ്റ്റെൻസൻ ആരംഭിച്ച പ്രതിഷേധ ക്യാമ്പെയ്‌ന് പിന്തുണയർപ്പിച്ച് ഇതിനകം എണ്ണായിരത്തിലേറെ പേർ നിവേദനത്തിൽ ഒപ്പിട്ടുകഴിഞ്ഞു.
വളരെയധികം അസ്വസ്ഥതയുളവാക്കുന്ന ഇത്തരം പുസ്‌തകങ്ങൾക്ക് അംഗീകാരങ്ങൾ നൽകുന്നതിലൂടെ കുട്ടികളുടെ നിഷ്‌കളങ്കത ചൂഷണം ചെയ്യാനും അരാജകത്വ പ്രത്യയശാസ്ത്രങ്ങൾ അവരുടെ ഉള്ളിലേക്ക് കുത്തിനിറയ്ക്കാനുമുള്ള സാധ്യതയാണ് തുറക്കപ്പെടുന്നത്. പുസ്‌തകത്തിലെ ലൈംഗിക ഉള്ളടക്കം കുട്ടികൾ പരീക്ഷിച്ചുനോക്കാൻ സാധ്യതയുണ്ടെന്ന ഗുരുതരമായ മുന്നറിയിപ്പും ജോർജ് റോബർട്ട് ക്രിസ്റ്റെൻസൻ നൽകുന്നു. ഇതിനെതിരേയുള്ള പ്രതിരോധമെന്ന നിലയിലാണ് ഒപ്പുശേഖരണ ക്യാമ്പെയ്ൻ നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു.
രക്ഷിതാക്കളുടെ പ്രതിഷേധരത്തെതുടർന്ന് പ്രമുഖ റിട്ടെയിലർമാർ ഈ പുസ്‌തകം ഇതിനകം പിൻവലിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഓസ്ട്രേലിയൻ സർക്കാർ തന്നെ അത് സാഹിത്യ മികവിൻ്റെ ഉദാഹരണമായി ഉയർത്തിപ്പിടിക്കുന്നു. കുട്ടികളുടെ നിഷ്കളങ്കത സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ഒരു രക്ഷിതാവിനും സർക്കാരിന്റെ ഈ നീക്കം അംഗീകരിക്കാനാകില്ല. രക്ഷിതാക്കൾ നിയന്ത്രണത്തെ മറികടന്ന് ചെറുപ്പത്തിൽ തന്നെ ഹാനികരമായ പ്രത്യയശാസ്ത്രങ്ങൾ കുട്ടികളിൽ കുത്തിനിറയ്ക്കാനുള്ള നിഗൂഢമായ അജണ്ടകളെ ചെറുത്തുതോൽപ്പിക്കണമെന്നും നിവേദനത്തിൽ പറയുന്നു.
സർക്കാർ ഈ പുസ്‌തകത്തെ പരസ്യമായി അപലപിക്കുകയും പ്രധാനമന്ത്രിയുടെ സാഹിത്യ അവാർഡ് പ്രക്രിയയിൽ മാറ്റങ്ങൾ വരുത്തുകയും വേണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെടുന്നത്. ഈ നിവേദനത്തിൽ പങ്കാളികളാകുന്നതിലൂടെ ഇത്തരം അരാജകത്യ ആശയങ്ങളിൽ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാനാകും ‘സിറ്റിസൺ ഗോയുടെ ഇദ്യമത്തിൽ നമുക്കും പങ്കുചേരാം. അതിനായി വെബ്സൈറ്റിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു.