തിരുവനന്തപുരം: അപ്പോളോ ഛിന്നഗ്രഹങ്ങളുടെ കൂട്ടത്തില്‍പ്പെടുന്ന 671076 (2014 FP47) ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് ഏറ്റവും അരികിലൂടെ കടന്നുപോകും എന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 370 അടി അഥവാ 112 മീറ്റര്‍ വ്യാസമുള്ള ഈ ഛിന്നഗ്രഹം വലിപ്പവും വേഗവും കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇതിന് പുറമെ മറ്റ് നാല് ഛിന്നഗ്രഹങ്ങള്‍ കൂടി ഇന്ന് ഭൂമിയുടെ ഭ്രമണപഥത്തിന് അരികിലെത്തുന്നുണ്ടെന്ന് ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി അറിയിച്ചു.
ഒരു കെട്ടിടത്തിന്‍റെ വലിപ്പമുള്ള ഭീമന്‍ ഛിന്നഗ്രഹത്തെ കുറിച്ചാണ് നാസ പ്രധാനമായും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ 3,050,000 മൈല്‍ ആയിരിക്കും ഇതും ഭൂമിയും തമ്മിലുള്ള അകലം. അതിവേഗതയിലാണ് സഞ്ചാരമെങ്കിലും ഛിന്നഗ്രഹം ഭൂമിക്ക് യാതൊരു പോറലും ഏല്‍പിക്കാതെ കടന്നുപോകും എന്ന് നാസ വ്യക്തമാക്കുന്നു. ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന ബഹിരാകാശ വസ്തുക്കളുടെ കൂട്ടത്തില്‍പ്പെട്ട അപ്പോളോ കാറ്റഗറിയിലാണ് 671076 (2014 എഫ്‌പി47)ന്‍റെ സ്ഥാനം.
ഇതിന് പുറമെ മറ്റ് നാല് ഛിന്നഗ്രഹങ്ങള്‍ കൂടി ഇന്ന് ഭൂമിക്ക് അരികിലൂടെ സുരക്ഷിതമായി കടന്നുപോകും. ഒരു വീടിന്‍റെ വലിപ്പമുള്ള 2024 ടിആര്‍4 എന്ന ഛിന്നഗ്രഹമാണ് ഇതിലൊന്ന്. 47 അടിയാണ് വലിപ്പം. ഭൂമിക്ക് 69,500 മൈല്‍ അടുത്തുവരെ ഈ ഛിന്നഗ്രഹം എത്തുമെങ്കിലും അപകടമുണ്ടാക്കാതെ കടന്നുപോകും. 21 അടി മാത്രം വലിപ്പമുള്ള 2024 ടിഡബ്ല്യൂ2 എന്ന മറ്റൊരു ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് 179,000 മൈല്‍ അടുത്തുകൂടെ പോകും. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ 419,000 മൈല്‍ സാമീപ്യം കൈവരിക്കുന്ന 65 അടി വ്യാസമുള്ള 2024 ടിവൈ, 1,340,000 മൈല്‍ അടുത്തെത്തുന്ന 68 അടി വലിപ്പമുള്ള 2024 എസ്‌യു3 എന്നിവയാണ് മറ്റ് ഛിന്നഗ്രഹങ്ങള്‍.