മെൽബൺ: ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ച 21 കർദിനാൾമാരുടെ പട്ടികയിൽ മെൽബണിലെ ഉക്രെയ്ൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ ബിഷപ്പ് മൈക്കോള ബൈചോക്കും. കർദിനാൾ ജോർജ് പെല്ലിൻ്റെ മരണശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയ ആസ്ഥാനമായുള്ള ബിഷപ്പ് കർദിനാളായി ഉയർത്തപ്പെടുന്നത്. ഡിസംബർ എട്ടിന് വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ നടക്കുന്ന ചടങ്ങിൽ ബിഷപ്പ് മൈക്കോള ബൈചോക്ക് കർദിനാളായി അഭിഷിക്തനാകും.
സിറോ മലബാർ സഭയുടെ ചങ്ങനാശേരി അതിരൂപതാംഗമായ മോൺസിഞ്ഞോർ ജോർജ് കൂവക്കാട് ഉൾപ്പെടെ 21 പേരെയാണ് കഴിഞ്ഞ ദിവസം വത്തിക്കാനിൽ നടന്ന പ്രഖ്യാപനത്തിലൂടെ പാപ്പ കർദിനാൾമാരായി ഉയർത്തിയത്. ഇറാൻ, ഇന്തോനേഷ്യ, ജപ്പാൻ, ഫിലിപ്പൈൻസ് എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ളവരാണ് പുതിയ പട്ടികയിൽ ഉൾപ്പെടുന്നത്.
ഉക്രയിൻ വംശജനായ ബൈചോക്കിനെ 2020-ലാണ് മാർപാപ്പ ബിഷപ്പായി നിയമിച്ചത്. തുടർന്ന് ഓസ്ട്രേലിയയിലേക്ക് സ്ഥലം മാറി. മാർപാപ്പ പ്രഖ്യാപിച്ച 21 കർദിനാൾമാരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് 44 കാരനായ ബിഷപ്പ് ബൈചോക്ക്.
ബിഷപ്പ് ബൈചോക്കിൻ്റെ നിയമനത്തെ ഉരുക്രെയ്‌നിയൻ കാത്തലിക് ചർച്ച് ഓഫ് ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഓഷ്യാനിയ എന്നിവ സ്വാഗതം ചെയ്‌തു. ‘ഇത് ഉക്രെയ്ൻ ഗ്രിക്ക് കത്തോലിക്കാ സഭയ്ക്കും ഉക്രെയ്ൻ ജനതയ്ക്കും സുപ്രധാന സംഭവമാണ്. മെൽബൺ രൂപതയിലെ എല്ലാ വൈദികരുടെയും വിശ്വാസികളുടെയും പേരിൽ ബിഷപ്പ് മൈക്കോളയെ അഭിനന്ദിക്കുന്നു’.
ആർച്ച് ബിഷപ്പ് ഫ്രാങ്ക് ലിയോ (ടൊറന്റോ, കാനഡ), ആർച്ച് ബിഷപ്പ് ടാർസിസിയോ ഈസാവോ കികുച്ചി (ടോക്കിയോ, ജപ്പാൻ), ആർച്ച് ബിഷപ്പ് ഡൊമിനിക് ജോസഫ് മാത്യു (ടെഹ്റാൻ ഇസ്‌ഹാൻ, ഇറാൻ), ആർച്ച് ബിഷപ്പ് കാർലോസ് കാസ്റ്റില്ലോ മാറ്റസോഗ്ലിയോ (ലിമ, പെറു), ഫാ. തിമോത്തി ദാഡ്‌ക്ലിഫ് (യുകെ. ദൈവശാസ്ത്രജ്ഞനും മഡൊമിനിക്കൻ ഓർഡറിൻ്റെ മുൻ തലവനുമാണ്). ആർച്ച് ബിഷപ്പ് ലൂയിസ് ജെറാർഡോ കാബ്രേര ഹെരേര (ഗ്വായാകിൽ, ഇക്വഡോർ), ബിഷപ്പ് പാബ്ലോ വിർജിലിയോ ഡേവിഡ് (കലൂക്കൻ, ഫിലിപ്പീൻസ്), ആർച്ച് ബിഷപ്പ് ജെയിം സ്പെംഗ്ലൂർ (പോർട്ടോ അലെഗ്രെ. ബ്രസീൽ) എന്നിവരെയും മാർപാപ്പ കർദിനാൾമാരായി ഉയർത്തി