തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ ഭൂമിയും സ്വർണവും പണവും തട്ടിയെടുത്തെന്നാരോപിച്ച് നഗരസഭയിലെ സിപിഐഎം കൗൺസിലർക്കും ഭാര്യക്കുമെതിരെ പരാതി. ബേബി(78) എന്ന അവിവാഹിതയായ വയോധികയുടെ 12 സെൻ്റ് ഭൂമിയും 17 പവൻ സ്വർണ്ണവും രണ്ടര ലക്ഷം രൂപയുമാണ് തട്ടിയെടുത്തതെന്ന് പരാതിയിൽ പറയുന്നത്. തരവിള വാർഡ് കൗൺസിലർ സുജിനും ഭാര്യ ഗീതുവിനുമെതിരെയാണ് പരാതി. മാരായമുട്ടം പൊലീസ് ദമ്പതികൾക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
സംരക്ഷിക്കാമെന്ന് ഉറപ്പ് പറഞ്ഞ് വയോധികയുടെ വീട്ടിൽ കുടുംബത്തോടെ താമസിച്ച് തട്ടിപ്പ് നടത്തിയതായിട്ടാണ് പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന ബേബിയുടെ സ്വർണാഭരണങ്ങൾ ഗീതു ഉപയോഗിച്ചതായി ബേബി പറഞ്ഞു. പിന്നീട് അതിൽ ചിലത് പണയം വെക്കുകയും ചിലത് വിൽക്കുകയും ചെയ്തു. ബേബിയുടെ വീട്ടിൽ എട്ട് മാസത്തോളം സുജിനും കുടുംബവും താമസിച്ചു. പെട്ടന്ന് ഒരു ദിവസം ആശുപത്രിയിലേക്ക് എന്ന് പറഞ്ഞ് എല്ലാവരും പോവുകയായിരുന്നുവെന്ന് ബേബി പൊലീസിനോട് പറഞ്ഞു. എടുത്ത സ്വർണാഭരണങ്ങൾ തിരികെ നൽകിയില്ല. സ്നേഹത്തിൻ്റെ മറവിൽ നെയ്യാറ്റിൻകര സബ് രജിസ്റ്റാർ ഓഫീസിൽ ബേബിയെ എത്തിച്ച് പന്ത്രണ്ടര സെൻ്റ് ഭൂമി ഭാര്യ ഗീതുവിൻ്റെ പേരിലേക്ക് മാറ്റിയെഴുതിച്ചെന്നാണ് ആരോപണം.
ഒരുമിച്ച് താമസിക്കുന്നതിനിടെ പല തവണയായി രണ്ട് ലക്ഷം രൂപ സജിനും ഗീതുവും ചേർന്ന് കൈക്കലാക്കിയെന്ന് ബേബി ആരോപിച്ചു. പലതവണ സ്വർണവും ഭൂമിയും പണവും ആവശ്യപ്പെട്ടെങ്കിലും തിരികെ നൽകിയില്ല. രാഷ്ട്രീയ സ്വാധീനം മുതലെടുത്ത് ഒത്തു തീർപ്പിന് സുജിൻ ശ്രമിക്കുന്നുണ്ടെന്ന് വയോധിക പറഞ്ഞു. എന്നാൽ സ്വർണ്ണം എടുത്തിട്ടില്ലെന്നായിരുന്നു സുജിൻ പറയുന്നത്. വയോധിക ഉന്നയിക്കുന്ന ആരോപണങ്ങൾ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. 2021 ഫെബ്രുവരിയിലാണ് ഭാര്യയ്ക്കും കുട്ടിക്കും അച്ഛനും അമ്മയ്ക്കുമൊപ്പം സുജിൻ താമസം തുടങ്ങിയെന്നാണ് ആരോപണം.
STORY HIGHLIGHTS: CPIM Councilor Cheated 78 year old Woman