തിരുവനന്തപുരം: 56 വർഷം മുൻപ് ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന് നടക്കും. പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതേദേഹം രാവിലെ 10.30ഓടെ സൈനിക അകമ്പടിയോടെ പത്തനംതിട്ട ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിക്കും . പൊതുദർശനത്തിനും വീട്ടിലെ ചടങ്ങുകൾക്കും ശേഷം പകൽ 12. 30 ഓടെ വിലാപയാത്രയായി ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്‌സ് പള്ളിയിലെത്തിക്കും.പള്ളിയിലും പൊതു ദർശനത്തിന് അവസരമൊരുക്കും. തുടർന്ന് 2 മണിയോടെ സംസ്‌കര ചടങ്ങുകൾ നടക്കും.ഇന്നലെ ഉച്ചയക്ക് ഒന്നരരയോടെ വ്യോമസേന വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം കേന്ദ്ര സംസ്ഥാന മന്ത്രിമാരും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി.
ചണ്ഡീഗഢിൽനിന്ന് ലേ ലഡാക്കിലേക്ക് സൈനികരുമായി പോയി വിമാനം 1968 ഫെബ്രുവരി ഏഴിനാണ് അപകടത്തിൽപ്പെട്ട് മഞ്ഞുമലയിൽ കാണാതായത്. ആർമിയിൽ ക്രാഫ്‌റ്റ്‌സ്‌മാനായ തോമസ് ചെറിയാന് അന്ന് 22 വയസായിരുന്നു. 1965ലാണ് തോമസ് ചെറിയാൻ സേനയിൽ ചേർന്നത്. വിമാനത്തിലുണ്ടായിരുന്ന 103 പേരിൽ 96 പേരും പട്ടാളക്കാരായിരുന്നു. തെരച്ചിൽ നടക്കുന്നതിനിടെ തിങ്കളാഴ്‌ച പകൽ 3.30ഓടെയാണ് മഞ്ഞുമലകൾക്കടിയിൽനിന്ന് മൃതദേഹം കണ്ടെടുക്കുന്നത്.