‘ഒടുവില്‍ യാഥാർഥ്യമാക്കാനാവാത്ത നീതിക്കുമേലെ ഞാൻ സ്വാതന്ത്ര്യം തിരഞ്ഞെടുത്തു’- ജയിലില്‍ നിന്ന് മോചിതനായതിനുശേഷമുള്ള തന്‍റെ ആദ്യ പൊതു പ്രതികരണവുമായി വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ്.
മനുഷ്യാവകാശ കണ്‍വെൻഷനിലെ അന്താരാഷ്ട്ര ബോഡിയായ കൗണ്‍സില്‍ ഓഫ് യൂറോപ്പിലെ ഒരു ചടങ്ങിനെ അഭിസംബോധന ചെയ്യവെയാണ് അസാൻജ് ഇങ്ങനെ പറഞ്ഞത്. തന്‍റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ നിയമപരവും രാഷ്ട്രീയവുമായ ശ്രമങ്ങള്‍ പര്യാപ്തമല്ലാത്തതിനാല്‍ യു.എസ് ചാരവൃത്തി ആരോപണങ്ങളില്‍ കുറ്റസമ്മതം ആവശ്യമായി വന്നുവെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
14 വർഷത്തെ തടവിനൊടുവില്‍ യു.എസ് ചാരവൃത്തി നിയമം ലംഘിച്ചതിന് കുറ്റസമ്മതം നടത്തി മോചനക്കരാർ നിലവില്‍വന്നശേഷം 53 കാരനായ അസാൻജ് ജൂണില്‍ തന്‍റെ ജന്മനാടായ ആസ്‌ട്രേലിയയിലേക്ക് മടങ്ങിയിരുന്നു.
‘വർഷങ്ങളുടെ തടവിനുശേഷം ഞാൻ ഇന്ന് സ്വതന്ത്രനാണ്. കാരണം ഞാൻ എന്‍റെ പത്രപ്രവർത്തനത്തില്‍ കുറ്റസമ്മതം നടത്തി. ഒരു ഉറവിടത്തില്‍നിന്ന് വിവരങ്ങള്‍ തേടിയതില്‍ കുറ്റസമ്മതം നടത്തി. ആ വിവരം എന്താണെന്ന് പൊതുജനങ്ങളെ അറിയിച്ചതില്‍ കുറ്റസമ്മതം നടത്തി -അദ്ദേഹം പറഞ്ഞു. കറുത്ത സ്യൂട്ട് ധരിച്ച അസാൻജ് ഭാര്യ സ്റ്റെല്ലക്കും വിക്കിലീക്‌സിന്‍റെ എഡിറ്റർ ക്രിസ്റ്റിൻ ഹ്രാഫ്‌സണിനും ഇടയില്‍ ഇരുന്ന് ഇത് കടലാസില്‍ നോക്കി വായിക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യുദ്ധങ്ങളെക്കുറിച്ചുള്ള ലക്ഷക്കണക്കിന് യു.എസ് സൈനിക രേഖകള്‍ വിക്കിലീക്സ് 2010ല്‍ പുറത്തുവിട്ടിരുന്നു. യു.എസ് സൈനിക ചരിത്രത്തില്‍ ആദ്യമായായിരുന്നു ഇത്തരത്തിലുള്ള ഏറ്റവും വലിയ സുരക്ഷാരേഖ ചോർച്ച. വർഷങ്ങള്‍ക്കുശേഷം അസാൻജ് ചാരവൃത്തി നിയമപ്രകാരം കുറ്റാരോപിതനായി. എന്നാല്‍ കൗണ്‍സില്‍ ഓഫ് യൂറോപ്പിന്‍റെ പാർലമെന്‍ററി അസംബ്ലിയുടെ റിപ്പോർട്ട് അസാൻജ് ഒരു രാഷ്ട്രീയ തടവുകാരനാണെന്ന നിഗമനത്തിലെത്തുകയും അദ്ദേഹം മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന് വിധേയനായിട്ടുണ്ടോ എന്നതിനെക്കുറിച്ച് ബ്രിട്ടൻ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
‘ഞാൻ സഹിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ ഇതുവരെ പൂർണ സജ്ജനായിട്ടില്ല. ഒറ്റപ്പെടല്‍ അതിന്‍റേതായ നഷ്ടങ്ങള്‍ ഉണ്ടാക്കി. അത് മറക്കാൻ ശ്രമിക്കുകയാണെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു. ലണ്ടനില്‍ ജയിലില്‍ ആയിരിക്കെ അദ്ദേഹം വിവാഹം കഴിച്ച ഭാര്യ സ്റ്റെല്ല നീണ്ട തടവിനുശേഷം ആരോഗ്യവും വിവേകവും വീണ്ടെടുക്കാൻ അസാൻജിന് സമയം ആവശ്യമാണെന്ന് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
തുടർന്നുള്ള ചോദ്യോത്തര വേളയില്‍ സ്വതന്ത്രനായി സംസാരിച്ച അസാൻജ്, യു.എസിന്‍റെ ചാരപ്പണി ആരോപണങ്ങള്‍ക്കെതിരെ സ്വയം പ്രതിരോധിക്കാൻ ഇനി ഒരു കേസ് കൊണ്ടുവരുകയാണെങ്കില്‍ അത് വിലക്കപ്പെടുമെന്ന് പറഞ്ഞു. തന്‍റെ തുടർ പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോള്‍, വിസില്‍ബ്ലോവർമാരെയും വിവരം നല്‍കുന്നവരെയും സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ള ‘സ്ട്രാസ്ബർഗ് ഹിയറിംഗ്’ ഒരു ആദ്യപടി ആണെന്ന് പറഞ്ഞു.
വർഷങ്ങളോളം നീണ്ട ജയില്‍വാസത്തിനുശേഷം സാധാരണ ജീവിതവുമായി പൊരുത്തപ്പെടുന്നതിന് ചില ‘ട്രിക്കുകള്‍’ നോക്കുകയാണ്. താനില്ലാതെ വളർന്ന രണ്ട് കുട്ടികള്‍ക്ക് അച്ഛനാകാൻ പഠിക്കുന്നു. അമ്മായിയമ്മ ഉള്‍പ്പടെ ഉള്ള ഒരു കുടുംബത്തില്‍ വീണ്ടും ഭർത്താവായി മാറിക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ ആള്‍ക്കൂട്ടത്തില്‍നിന്ന് ചിരിയിളകി.
ലൈംഗിക കുറ്റകൃത്യ ആരോപണങ്ങളില്‍ ചോദ്യം ചെയ്യണമെന്ന് സ്വീഡിഷ് അധികൃതർ അറിയിച്ചതിനെത്തുടർന്ന് 2010ല്‍ യൂറോപ്യൻ അറസ്റ്റ് വാറണ്ടിന്‍റെ അടിസ്ഥാനത്തിലാണ് അസാൻജ് ആദ്യം ബ്രിട്ടനില്‍ അറസ്റ്റിലായത്. സ്വീഡനിലേക്ക് കൈമാറുന്നത് ഒഴിവാക്കാൻ അദ്ദേഹം ഇക്വഡോറിന്‍റെ എംബസിയിലേക്ക് പലായനം ചെയ്തു. അവിടെ ഏഴ് വർഷം താമസിച്ചു. ജാമ്യം ഒഴിവാക്കിയതിനുശേഷം 2019ല്‍ അദ്ദേഹത്തെ എംബസിയില്‍നിന്ന് വലിച്ചിഴച്ച് ലണ്ടനിലെ ബെല്‍മാർഷ് ടോപ്പ് സെക്യൂരിറ്റി ജയിലിലേക്ക് മാറ്റുകയായിരുന്നു.