വിർജിൻ ഓസ്ട്രേലിയ വിമാനക്കമ്ബനിയുടെ ഓഹരി സ്വന്തമാക്കാനുള്ള ഖത്തർ എയർവേസിന്റെ നീക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍.
വിർജിൻ ഓസ്ട്രേലിയ ഉടമസ്ഥരായ ബെയിൻ ക്യാപിറ്റലില്‍ നിന്ന് 25 ശതമാനം ഓഹരികള്‍ വാങ്ങാനാണ് ഖത്തർ എയർവേസ് ധാരണയില്‍ എത്തിയിരിക്കുന്നത്. ഫോറിൻ ഇൻവെസ്റ്റ്മെന്റ് റിവ്യൂ ബോർഡിന്റെ അനുമതി ലഭിക്കുന്നതോടെ കരാർ യാഥാർഥ്യമാകും. ഖത്തർ എയർവേസുമായുള്ള സഹകരണം ഓസ്ട്രേലിയയുടെ വ്യോമയാന മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിർജിൻ ഓസ്ട്രേലിയ പ്രസ്താവനയില്‍ പറഞ്ഞു.
ബ്രിസ്ബെയിൻ, മെല്‍ബണ്‍,പെർത്ത്, സിഡ്നി തുടങ്ങിയ ഓസ്ട്രേലിയൻ നഗരങ്ങളില്‍ നിന്ന് ദോഹയിലേക്ക് സർവീസുകള്‍ നടത്താൻ കമ്ബനിക്ക് കഴിയും.നേരത്തെ ഓസ്ട്രേലിയയിലേക്ക് കൂടുതല്‍ സർവീസുകള്‍ നടത്താൻ ഖത്തർ എയർവേസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഓസ്ട്രേലിയൻ സർക്കാർ ഇതിന് അനുമതി നിഷേധിച്ചതോടെ നീക്കം ഉപേക്ഷിക്കേണ്ടി വന്നു.ഖത്തർ എയർവേസും വിർജിൻ ഓസ്ട്രേലിയയും തമ്മില്‍ നിലവില്‍ കോഡ് ഷെയർ അടക്കമുള്ള സഹകരണം തുടരുന്നുണ്ട്. പുതിയ നിക്ഷേപം ഏവിയേഷൻ മേഖലയിലെ മത്സരം വർധിപ്പിക്കാനും യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കാനും കാരണമാകുമെന്ന് ഖത്തർ എയർവേസ് സിഇഒ ബദർ മുഹമ്മദ് അല്‍മീർ പറഞ്ഞു.