കാൻബറ: ഓസ്ട്രേലിയ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള ഹിസ്ബുള്ളയെ അനുകൂലിച്ച് പ്രതിഷേധം നടത്തിയവരുടെ വിസ റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഈ വിഷയത്തിൽ നിയമ നിർമ്മാണം നടത്തുന്നതിന് പാർലമെൻ്റ് വിളിച്ചുചേർക്കണമെന്ന് പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മെൽബണിലും സിഡ്‌നിയിലും നടന്ന പാലസ്‌തീൻ അനുകൂല റാലികളിൽ ഹിസ്ബുള്ളയുടെ പതാകകളും ആളുകൾ കൈയിലേന്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ വിസ അടക്കം റദ്ദ് ചെയ്യണമെന്ന ആവശ്യം ഉയരുന്നത്.
തീവ്രവാദ സംഘടനകളുടെ മഹത്വവൽക്കരണം ഓസ്ട്രേലിയ ഒരിക്കലും അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ശക്തമായ ഭാഷയിൽ പ്രതികരിച്ചു. ഹിസ്‌ബുള്ളയെ നമ്മുടെ രാജ്യം തീവ്രവാദ സംഘടനകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്, ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് അവർ ഉത്തരവാദികളാണ് – പീറ്റർ ഡട്ടൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
600 പേരോളം പങ്കെടുത്ത പ്രകടനത്തിൽ സംഘാടകരുമായി ബന്ധമില്ലാത്ത ഒരു ചെറിയ സംഘം ഹിസ്ബുള്ളയെ പ്രതിനിധീകരിക്കുന്ന ആറ് നിരോധിത പതാകകൾ പ്രദർശിപ്പിക്കുകയും അക്രമാസക്തമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്‌തു. ഇത് വിക്ടോറിയ പോലീസ് റിപ്പോർട്ട് ചെയ്തതിനെതുടർന്ന് സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് അറിയിച്ചു.
സിഡ്‌നി സിബീഡിയിൽ നടന്ന റാലിയിൽ തീവ്രവാദ സംഘടനയുടെ ചിഹ്നം പ്രദർശിപ്പിച്ച രണ്ട് പതാകകൾ പിടിച്ചെടുത്തതായി ന്യൂ സൗത്ത് വെയിൽസ് പോലീസ് സ്ഥിരീകരിച്ചു. ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയുടെ ചിത്രങ്ങളും ചിലർ കൈയിൽ പിടിച്ചിരുന്നു.
ഹിസ്ബുള്ള നേതാവിനെ മഹത്വവൽക്കരിച്ച് മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാരുടെ വിസയുടെ നിലവിലെ സ്ഥിതി പരിശോധിക്കാൻ ആഭ്യന്തര മന്ത്രി ടോണി ബർക്ക് വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ് അധികാരികളോട് ആവശ്യപ്പെട്ടു. വിദ്വേഷം പരത്തുന്നവരുടെ വിസ റദ്ദാക്കാൻ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ പതാകകൾ പ്രദർശിപ്പിക്കുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്ത പ്രതിഷേധക്കാർക്ക് ഒരു വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം.ഓസ്ട്രേലിയയക്കു പുറമേ യുഎസ്, യുകെ, കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങളും തീവ്രവാദ സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തീവ്രവാദ സംഘടനകളോട് അനുഭാവം പുലർത്തുന്നവരുടെ സാന്നിധ്യം ഓസ്ട്രേലിയയിൽ ഉണ്ടാകാൻ പാടില്ല. ഇക്കാര്യത്തിൽ ജനങ്ങൾക്ക് വളരെ വ്യക്തമായ സന്ദേശം നൽകണം. അവരുടെ പൗരത്വം എടുത്തുകളയാൻ നിയമത്തിന്റെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തണം പീറ്റർ ഡട്ടൺ കുട്ടിച്ചേർത്തു.