സിഡ്നി: മലയാള സിനിമയിൽ തിരക്കഥാകൃത്തായും ഗാനരചയിതാവായും 40 വർഷങ്ങൾ പിന്നിടുന്ന ഷിബു ചക്രവർത്തിയുമായി സംവദിക്കാൻ സിഡ്നി മലയാളികൾക്ക് ഒരവസരം.
‘ദൂരെ കിഴക്ക് ദിക്കിൻ മാണിക്ക ചെമ്പഴുക്ക’യും ‘മനസ്സിൻ മടിയിലെ മാന്തളിരും’ ഇന്നും മലയാളികളുടെ നാവിൻ തുമ്പിൽ മൂളി കൊണ്ടിരിക്കുന്ന പാട്ടു വരികളാണ്. ‘ഓർമ്മകൾ ഓടിക്കളിക്കുവാൻ എത്തുന്ന’ ഈരടികൾ അത്രപെട്ടെന്ന് ഒന്നും തന്നെ മലയാളി മനസ്സിൽ നിന്ന് മായാത്ത പോലെ തന്നെയാണ് ഗാനരചയിതാവ് ഷിബു ചക്രവർത്തിയുടെ പേരും. നാല് പതിറ്റാണ്ടായി പാട്ടും കലയും കഥയും തിരക്കഥയുമെല്ലാം ഒരുക്കി ഷിബു സിനിമയിലുണ്ട്.
ഷിബു പാട്ടെഴുതിയ ആദ്യ സിനിമ സാജന്റെ സംവിധാനത്തിൽ 1985ൽ പുറത്തുവന്ന ‘ഉപഹാര’മാണ്. ജോൺസണായിരുന്നു സംഗീതം. തുടർന്ന് തിരക്കേറി. ജോഷിയുടെയും പ്രിയദർശന്റെയും ചിത്രങ്ങളായിരുന്നു കൂടുതലും. ഔസേപ്പച്ചനാണ് കൂടുതൽ ഗാനങ്ങൾക്കും ഈണമിട്ടത്.
ഗാനരചയിതാവ് എന്നതിൽ ഒതുക്കി നിർത്താൻ കഴിയുന്ന പേരല്ല ഷിബു ചക്രവർത്തിയുടേത്. തിരക്കഥാകൃത്തായും കഥാകാരനായും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.
കഥ എഴുതിയ സിനിമകൾ: അഥർവ്വം (1989), നായർസാബ് (1989), സൈന്യം (1994), ഏഴരക്കൂട്ടം (1995), സ്നേഹപൂർവ്വം അന്ന (2000).
തിരക്കഥ, സംഭാഷണം: മനു അങ്കിൾ (1988), ഓർക്കാപ്പുറത്ത് (1988), അഥർവ്വം (1989), നായർസാബ് (1989), സാമ്രാജ്യം (1990), അഭയം (1991), പാർവ്വതി പരിണയം (1995), ഏഴരക്കൂട്ടം (1995), ചുരം (1997), സ്നേഹപൂർവ്വം അന്ന (2000).
ഷിബു ചക്രവർത്തിയുമായുള്ള സംവാദത്തിനു പുറമെ ടി.പത്മനാഭനെക്കുറിച്ചുള്ള സിനിമ ‘നളിന കാന്തി’ യുടെ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഫ്ലയറിൽ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു. സിഡ്നിയിൽ ഈ പരിപാടി സംഘടിപ്പിക്കുന്നത് നവോദയ സിഡ്നിയാണ്.