ന്യൂ സൗത്ത് വെയിൽസ്: ഓസ്ട്രേലിയൻ സ്കൂളിലെ കുട്ടികൾക്കും, അവരുടെ മാതാപിതാക്കൾക്കും, ടീച്ചേഴ്സിനും വേണ്ടി ഓണാഘോഷം നടത്തി മലയാളികൾ. ന്യൂ സൗത്ത് വെയിൽസിലെ ഗോസ്ഫോഡ് സെന്റ് പാട്രിക് സ്കൂളിൽ ആണ് കുട്ടി മാവേലിയും പൂക്കളവും തിരുവാതിരയും ചെണ്ടമേളവും അരങ്ങേറിയത്. മുപ്പതോളം രാജ്യങ്ങളിൽ നിന്ന് വന്ന് ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയ മാതാപിതാക്കളുടെ കുട്ടികൾ പഠിക്കുന്ന സ്കൂളിലാണ് വൈവിധ്യമേറിയ ഈ ഓണാഘോഷം നടത്തപ്പെട്ടത്.
ഗോസ്ഫോഡിലെ മലയാളി അസോസിയേഷനും, അവിടെ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളും ചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്. ആദ്യമായാണ് ഓസ്‌ടേലിയയിൽ ഇത്തരത്തിലൊരു പരിപാടി സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്ന് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്നത്. ഓണാഘോഷം മലയാളത്തനിമയോടുകൂടി അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മലയാളി അസോസിയേഷൻ ഓഫ് ഗോസ്‌ഫോർഡിന്റെ പ്രസിഡൻ്റ ബിന്റോ മംഗലശ്ശേരി പറഞ്ഞു.