ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് രാജിവെയ്ക്കും. വൈകീട്ട് ഗവർണർക്ക് രാജിക്കത്ത് കൈമാറും. പുതിയ
മുഖ്യമന്ത്രി ആരെന്ന് ഇന്ന് എംഎൽഎമാരുടെ യോഗത്തിൽ തീരുമാനിക്കും. എഎപിക്ക് നിർണ്ണായകമായ ചൊവ്വാഴ്ച്ചയായി മാറുകയാണ് ഇന്ന്. ഇന്നലെ കൂടിയ പതിനൊന്ന് അംഗ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ഒരോ അംഗങ്ങളുടെയും നിലവിലെ മന്ത്രിമാരുടെയും അഭിപ്രായം കെജരിവാൾ നേരിട്ട് തേടിയിരുന്നു. സമിതി യോഗത്തിലെ തീരുമാനം ഇന്ന് എംഎൽഎമാരെ കെജിവാൾ അറിയിക്കും. തുടർന്ന് ഓരോ എംഎൽഎമാരുടെയും അഭിപ്രായം തേടി പുതിയ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കും.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷി എത്താനാണ് സാധ്യത. കൂടുതൽ നേതാക്കൾ നിർദ്ദേശിച്ചത് അതിഷിയുടെ പേരാണ്. അരവിന്ദ് കെജ്രിവാൾ ഇന്നലെ കണ്ട നേതാക്കളിൽ കൂടുതൽ പേർക്കും അതിഷി മുഖ്യമന്ത്രിയാകുന്നതിനോട് യോജിപ്പുണ്ട്. സുനിത കെജ്രിവാളിൻറെ പേര് കെജ്രിവാൾ നിരാകരിച്ചുവെന്നാണ് നേതാക്കൾ പറയുന്നത്. എംഎൽഎമാരിൽ നിന്ന് പേര് നിർദ്ദേശിക്കാനാണ് കെജ്രിവാൾ ആവശ്യപ്പെട്ടത്. എന്നാൽ മന്ത്രിസഭയിൽ രണ്ട് പുതുമുഖങ്ങളെ കൂടി ഉൾപ്പെടുത്താനും സാധ്യതയുണ്ട്.
അതിഷി, കൈലാഷ് ഗലോട്ട്, ഗോപാൽ റായി എന്നീ നേതാക്കളുടെ പേരുകളാണ് ചർച്ചയിൽ ഉയർന്നത്. വനിത എന്നതും ഭരണരംഗത്ത് തിളങ്ങിയതും അതിഷിയെ സഹായിക്കുന്ന ഘടകങ്ങളാണ്. ഗോപാൽ റായി പാർട്ടി സ്ഥാപക നേതാക്കളിൽ ഒരാളാണ്. കെജരിവാളിൻറെ വിശ്വസ്തൻ എന്നതും അനുകൂല ഘടകമാണ്. ജാട്ട് സമുദായത്തിലെ സ്വീകാര്യതയും രാഷ്ട്രീയത്തിലെ ദീർഘ പരിയസമ്പത്തും കൈലാഷ് ഗലോട്ടിന് സഹായകമാകും. കൂടാതെ ഡപ്യൂട്ടി സ്പീക്കറും പട്ടിക വിഭാഗ നേതാവുമായ രാഖി ബിര്ലയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. കെജരിവാൾ രാജി വയ്ക്കുന്നതിനെ പാർട്ടിയിലെ ഒരു പക്ഷം ശക്തമായി എതിർക്കുകയാണ്. ഭാര്യ സുനിതയുടെ പേരാണ് ഈ നേതാക്കൾ ഉയർത്തുന്നത്. എന്നാൽ സുനിതയെ മുഖ്യമന്ത്രിയാക്കിയാൽ അത് കുടുംബവാഴ്ച്ച എന്ന് രാഷ്ട്രീയ പ്രചാരണത്തിന് ബിജെപിയെ സഹായിക്കും. കെജരിവാളിന്റെ രാജിയിൽ കേന്ദ്രസർക്കാർ തീരുമാനവും നിർണ്ണായകമാകും.