മധ്യപ്രദേശ്: 70 രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളെ വരവേല്‍ക്കാനൊരുങ്ങി ഇന്‍ഡോര്‍. മൂന്ന് ദിവസത്തെ പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങള്‍ക്ക് മധ്യപ്രദേശിന്റെ വാണിജ്യ തലസ്ഥാനമായ ഇന്‍ഡോറില്‍ ഇന്ന് തുടക്കം കുറിക്കും. സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് യുവജന പ്രവാസി സമ്മേളനം മന്ത്രി എസ് ജയശങ്കര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രവാസി ദിനമായ തിങ്കളാഴ്ച്ചത്തെ ഉദ്ഘാടനം പ്രധാന മന്ത്രി നരേന്ദ്ര മോദിയും സമാപന സമ്മേളന ഉദ്ഘാടനം രാഷ്്ട്രപതി ദ്രൗപതി മുര്‍മുവുമാണ് നിര്‍വഹിക്കുക.
പ്രധാന വേദിയായ വിജയ് നഗറിലെ ബ്രില്യന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന യുവജന സമ്മേളനത്തോടെയാണ് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ആരംഭിക്കുന്നത്. 29 രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ അടക്കം 3500 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. പ്രവാസികള്‍ക്ക് വീടുകളില്‍ താമസമൊരുക്കിയും ആഗോള ഉദ്യാനം നിര്‍മ്മിച്ചും സമ്മേളനത്തെ വരവേല്‍ക്കുകയാണ് ഇന്‍ഡോര്‍ നഗരം.
37 ഹോട്ടലിലും നൂറോളം വീടുകളിലുമാണ് പ്രവാസി പ്രതിനിധികള്‍ക്ക് വേണ്ടിയുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. 1915ല്‍ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ദിവസത്തിന്റെ അനുസ്മരണമെന്ന നിലയിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവാസി ദിനം ആചരിക്കുന്നത്.
Story Highlights: Pravasi Bharatiya Divas convention will be held in Madhya Pradesh Indore city