കാസര്‍കോട്: ഭക്ഷ്യവിഷബാധ മൂലം മരിച്ച അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും. വിദഗ്ധ പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് ആന്തരിക അവയവങ്ങള്‍ അയക്കും. അഞ്ജുശ്രീയുടെ മരണം ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര അണുബാധ മൂലമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഡിഎംഒയുടെ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. മരണത്തില്‍ വ്യക്തത വരുത്താനാണ് രാസപരിശോധന.
സെപ്റ്റിസീമിയ വിത്ത് മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍സ് ഡിസ്ഫങ്ഷന്‍ സിന്‍ഡ്രോം മൂലമാണ് അജ്ഞുശ്രീയുടെ മരണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്നതിന് വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കാസര്‍കോട് പെരുമ്പള ബേനൂരിലെ കുമാരന്‍ നായരുടെ മകള്‍ അഞ്ജുശ്രീ(19) ആണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചത്. അടുക്കത്ത്ബയലിയെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ കുഴിമന്തി കഴിച്ചായിരുന്നു ഭക്ഷ്യവിഷബാധയുണ്ടായത്. അനുശ്രീയും അമ്മയും അനുജനും ബന്ധുവായ പെണ്‍കുട്ടിയും ഭക്ഷണം കഴിച്ചിരുന്നു. ഇവര്‍ക്കും ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായി. സംഭവത്തില്‍ ഹോട്ടല്‍ ഉടമ അടക്കം മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും പൊലീസിന്റെയും അന്വേഷണം തുടരുകയാണ്.
Story Highlights: Internal Organ’s Chemical Test Will Be Done In Kasaragod Food Poisoning Death