തിരുവനന്തപുരം: സംസ്ഥാനത്തെ ചെമ്മീൻ മേഖല കടുത്ത പ്രതിസന്ധിയിൽ. ചെമ്മീൻ കർഷകരും ഫാക്ടറികളും കയറ്റുമതിക്കാരുമെല്ലാം വിലക്കുറവ് കാരണം നട്ടം തിരിയുകയാണ്. ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്കുള്ള അമേരിക്കയുടെ നിരോധനം തുടരുന്നതാണ് കടൽ ചെമ്മീന് വില കുറയാനുള്ള പ്രധാന കാരണം
കടലാമ സംരക്ഷണത്തിന്‍റെ പേരിൽ ഇന്ത്യയിൽ നിന്നുള്ള കടൽചെമ്മീൻ ഇറക്കുമതിക്ക് അമേരിക്ക വിലക്കേർപ്പെടുത്തിയിട്ട് ഇപ്പോൾ അഞ്ചു വർഷമായി. ഇതിന്‍റെ ചുവട് പിടിച്ച് ജപ്പാനും ചൈനയും യൂറോപ്യൻ യൂണിയനും ഉൾപെടെയുള്ള രാജ്യങ്ങൾ ചെമ്മീനെടുക്കുന്നതിന് വില കുറച്ചു. ഉക്രെയ്ൻ യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷവുമെല്ലാം പിന്നെയും വിപണിയെ ബാധിച്ചു.
കടലാമ സംരക്ഷണത്തിന്‍റെ പേരിൽ ഇന്ത്യയുടെ വിപണിയെ ബാധിക്കും വിധം ഇടപെടാനും നടപടികളെടുക്കാനും അമേരിക്കക്കുള്ള അവകാശത്തെയും മേഖലയിലുള്ളവർ ചോദ്യം ചെയ്യുന്നു
ഇന്ത്യയിൽ നിന്നും പ്രതിവർഷം 67,000 കോടി രൂപയുടെ മത്സ്യങ്ങളാണ് പൊതുവെ കയറ്റുമതി ചെയ്യാറ്. ഇതിൽ നല്ലൊരു പങ്ക് കടലിൽ നിന്ന് പിടിക്കുന്ന ചെമ്മീനാണ്. 2019ൽ തുടങ്ങിയ നിരോധനം അമേരിക്ക ഇപ്പോഴും തുടരുമ്പോൾ സമുദ്രോൽപന്ന കയറ്റുമതിയിൽ പ്രതിവർഷം ഏകദേശം 2500 കോടിയുടെ നഷ്ടമാണ് ഇന്ത്യയ്ക്കുണ്ടാകുന്നത്.