കോഴിക്കോട്: കൂടരഞ്ഞിയില്‍ സ്വകാര്യ ആശുപത്രി വളപ്പില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. പുതിയ കുന്നേല്‍ അബിന്‍ ബിനുവാണ് മരിച്ചത്. ആശുപത്രി പരിസരത്തെ ഇരുമ്പ് വേലിയില്‍ സ്ഥാപിച്ച ലൈറ്റിലേക്കുള്ള വൈദ്യുതി കണക്ഷനിൽ നിന്നാണ് ഷോക്കേറ്റതെന്ന് പോലീസ് പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വൈദ്യുതി കേബിള്‍ വലിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാരോപിച്ച് മരിച്ച യുവാവിന്‍റെ സുഹൃത്തുക്കള്‍ രംഗത്തെത്തി.
കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് അബിന്‍ബിനുവും സുഹൃത്തുക്കളും കൂടരഞ്ഞി സെന്‍റ് ജോസഫ് ആശുപത്രിയിലെത്തിയത്. സുഹൃത്ത് ഡോക്ടറെ കാണാനായി അകത്തേക്ക് പോയപ്പോള്‍ അബിനും കൂടെയുള്ളവരും ക്യാന്‍റീന് സമീപത്തേക്ക് പോയി. ഇവിടെയുണ്ടായിരുന്ന ഇരുമ്പ് വേലിക്ക് സമീപത്ത് നില്‍ക്കുമ്പോഴാണ് അബിന്‍ ഷോക്കേറ്റ് വീണത്. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ അബിനെയെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വൈദ്യുതി കണക്ഷന്‍ നല്‍കിയതും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതുമാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടേറ്റ് അന്വേഷണം തുടങ്ങി. റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ അപകടകാരണം വ്യക്തമാകൂവെന്നാണ് കെ എസ് ഇ ബി അധികൃതര്‍ പറയുന്നത്. അതേ സമയം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ലൈറ്റ് സ്ഥാപിച്ചിരുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.