വാഷിംഗ്ടണ്‍: ജൂതന്മാർക്കെതിരെ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാക് ഭീകരൻ അറസ്റ്റില്‍. ഷഹ്സേബ് ജാദൂൻ എന്നറിയപ്പെടുന്ന മുഹമ്മദ് ഷാസെബ് ഖാനാണ് അറസ്റ്റിലായത്.
ഇയാള്‍ കാനഡയില്‍ താമസിച്ചാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു.
ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന്റെ വാർഷികദിനമായ ഒക്ടോബർ ഏഴിന് ന്യൂയോർക്ക് സിറ്റിയില്‍ ഭീകരാക്രമണം നടത്താനായിരുന്നു പദ്ധതി. ഇസ്ലാമിക് സ്റ്റേറ്റിന്റെ പേരില്‍ ജൂതരെ കൊന്നൊടുക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് അറ്റോർണി ജനറല്‍ വ്യക്തമാക്കുന്നു. ബ്രൂക്കിനിലെ ജൂത കേന്ദ്രത്തിലെത്തി കൂട്ട വെടിവയപ്പ് നടത്തുകയായിരുന്നു ലക്ഷ്യം. ഗൂഢാലോചനക്കാരെന്ന വ്യാജേനയാണ് രഹസ്യന്വേഷണ ഉദ്യോഗസ്ഥർ ഈ വിവരം കണ്ടെത്തിയത്.
യുഎസ്-കാനഡ അതിർത്തിയില്‍ നിന്ന് 19 കിലോമീറ്റർ അകലെയുള്ള ഓർംസ്ടൗണ് പട്ടണത്തില്‍ വച്ചാണ് ഖാനെ കനേഡിയൻ അധികൃതർ കസ്റ്റഡിയിലെടുത്തത്. ഇയാളെ അമേരിക്കയ്ക്ക് കൈമാറാൻ ആവശ്യപ്പെടുമെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു.