കലിഫോർണിയ: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ പൊക്കം 2,723 അടിയാണ് (830 മീറ്റർ). അത്തരം 4 കെട്ടിടങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി നില്ക്കുന്നതൊന്നു ചിന്തിച്ചുനോക്കൂ.
അത്രയും ഉയരമുള്ള ഒരു പർവതം കടലിനടിയിലുണ്ട്. യുഎസിലെ കലിഫോർണിയയിലുള്ള ഷ്മിറ്റ് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റേതാണു കണ്ടെത്തല്‍.
ചിലെ തീരത്തുനിന്ന് ഏകദേശം 1,448 കിലോമീറ്റർ അകലെ പസിഫിക് സമുദ്രത്തിലാണു പർവതം കണ്ടെത്തിയത്. 10,200 അടി (3109 മീറ്റർ) ഉയരമുണ്ട്. ഗ്രീസിലെ ഒളിംപസ് പർവതത്തിന്റെ ഉയരം 9,572 അടിയാണ്. ജൈവ വൈവിധ്യത്തിന്റെകലവറയാണ് ഈ പർവതം.സ്പോഞ്ച് ഗാർഡൻസ്, പവിഴപ്പുറ്റുകള്‍, അപൂർവ ഇനം കടല്‍ ജീവികള്‍ തുടങ്ങിയ ലക്ഷക്കണക്കിന് ജീവജാലങ്ങളാണ് പർവതത്തിലുള്ളത്. 28 ദിവസത്തെ പര്യവേക്ഷണത്തിനൊടുവിലാണ് ശാസ്ത്രജ്ഞർ പർവതം കണ്ടെത്തിയത്. 1000 മീറ്ററിലേറെ ഉയരമുള്ള ഒരുലക്ഷം പർവതങ്ങള്‍ സമുദ്രങ്ങളിലുണ്ടെന്നാണു ഗവേഷകരുടെ കണ്ടെത്തല്‍.
കാസ്പർ എന്നറിയപ്പെടുന്ന വെള്ള നീരാളിയെയും രണ്ട് അപൂർവ ബാത്തിഫിസ സിഫോണോഫോറുകളെയും സംഘം കണ്ടെത്തി. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അറിയപ്പെടാത്ത പല ജീവജാലങ്ങളുടെ സാന്നിധ്യവും പർവതത്തിലുണ്ട്. പര്യവേക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അജ്ഞാത സമുദ്ര ജീവികളെ തിരിച്ചറിയാനായുള്ള അന്താരാഷ്ട്ര സംരംഭമായ ഓഷ്യൻ സെൻസസുമായി പങ്കിടുമെന്നും ഗവേഷകസംഘം വ്യക്തമാക്കി. ലോകത്തിലുള്ള സമുദ്രജീവികളെ കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്നതിലും സമുദ്രാന്തർ ആവാസ വ്യവസ്ഥയുടെ പര്യവേക്ഷണത്തിനും ഈ ഡാറ്റ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തല്‍.