ബ്രിസ്ബേൻ: ജോലി സമയത്തിനിടെ എയർ ട്രാഫിക് കൺട്രോളർ ഉറങ്ങുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നടപടി. ഓസ്ട്രേലിയയിലാണ് സംഭവം. ബ്രിസ്‌ബേൻ എയർ ട്രാഫിക് കൺട്രോളർ രാവിലെ ഷിഫ്റ്റിനിടെ മേശപ്പുറത്ത് പുതച്ച് ഉറങ്ങുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഓസ്‌ട്രേലിയയിലെ എയർ സേഫ്റ്റി അധികൃതർ പരിഷ്‌കാരങ്ങൾ ശുപാർശ ചെയ്തു. ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോയുടെ (എടിഎസ്ബി) റിപ്പോർട്ട് അനുസരിച്ച്, എയർസർവീസസ് ഓസ്‌ട്രേലിയയുടെ ബ്രിസ്‌ബേൻ ഓഫീസിൽ നിന്ന് കെയ്ൻസ് ടെർമിനൽ കൺട്രോൾ യൂണിറ്റ് (ടിസിയു) പകൽ ഷിഫ്റ്റിൽ കൈകാര്യം ചെയ്യുകയായിരുന്നു എയർ ട്രാഫിക് കൺട്രോളർ ഉറങ്ങുകയാണെന്ന് കണ്ടെത്തി. 2022 ഡിസംബറിലാണ് സംഭവം.
തുടർച്ചയായ ഒന്നിലധികം രാത്രി ഷിഫ്റ്റുകളും കാര്യക്ഷമമല്ലാത്ത റിസ്ക് മാനേജ്മെൻ്റ് സംവിധാനവുമാണ് സംഭവത്തിന് കാരണമായി എടിബിഎസ് കുറ്റപ്പെടുത്തി. ബ്രിസ്‌ബേൻ കൺട്രോൾ സെൻ്ററിൽ നിന്ന് കെയ്ൻസ് വിമാനത്താവളത്തിൻ്റെ അപ്രോച്ച് കൺട്രോളറായി ഒമ്പത് ദിവസത്തിനുള്ളിൽ ജീവനക്കാരൻ ഏഴാമത്തെ രാത്രി ഷിഫ്റ്റ് ജോലി ചെയ്യേണ്ടി വന്നു. രാത്രി 10 മണിക്ക് ആരംഭിച്ച് രാവിലെ 6 വരെയാണ് രാത്രി ഷിഫ്റ്റ്. 12 ദിവസം കൊണ്ട് 10 രാത്രി ഷിഫ്റ്റുകളാണ് ജീവനക്കാരൻ പൂർത്തിയാക്കിയത്. ജീവനക്കാരൻ ഉറങ്ങിയ സമയത്ത് പരിധിയിൽ വിമാനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ജീവനക്കാരൻ എപ്പോഴാണ് ഉറങ്ങാൻ പോയതെന്ന് എടിഎസ്ബിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിന് ശേഷം എയർസർവീസ് എയർ ട്രാഫിക് കൺട്രോളറുകളുടെ മൊത്തം എണ്ണം വർധിപ്പിച്ചതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. സിവിൽ ഏവിയേഷൻ സേഫ്റ്റി അതോറിറ്റി അതിൻ്റെ റിസ്ക് മാനേജ്മെൻ്റ് സിസ്റ്റത്തിൽ മാറ്റങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു.