സിഡ്‌നി: ഓസ്ട്രേലിയയിലും ഇറ്റലിയിലും വെച്ച് 60 പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതിനും ലൈംഗികമായി ദുരുപയോഗപ്പെടുത്തിയതിനും മുന്‍ ചൈല്‍ഡ് കെയര്‍ വര്‍ക്കര്‍ ആഷ്ലി പോള്‍ ഗ്രിഫിത്ത് (46) കുറ്റസമ്മതം നടത്തി.
ബ്രിസ്‌ബെയിന്‍ കോടതിയിലാണ് പ്രതി അത്യപൂര്‍വ്വമായ കുറ്റസമ്മതം നടത്തിയത്.
ഗ്രിഫിത്തിനെതിരായ 307 കുറ്റങ്ങള്‍ വായിക്കാന്‍ ജഡ്ജി ആന്റണി റാഫ്റ്റര്‍ രണ്ട് മണിക്കൂറിലധികം സമയമെടുത്തതായി എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആസ്ട്രേലിയയിലെ എക്കാലത്തെയും മോശം ശിശുപീഡകരില്‍ ഒരാളാണ് ആഷ്ലി പോള്‍ ഗ്രിഫിത്തെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങള്‍ അധികൃതര്‍ പരസ്യമാക്കിയിരുന്നു.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതതിന് 2022ലാണ് ഗ്രിഫിത്ത് ആദ്യമായി അറസ്റ്റിലായത്. തിങ്കളാഴ്ചത്തെ കേസ് 60 കുട്ടികളുമായി ബന്ധപ്പെട്ടതാണ്. ഇരകളില്‍ പലരും 12 വയസ്സില്‍ താഴെയുള്ളവരാണ്. 2003നും 2022നും ഇടയില്‍ ഓസ്ട്രേലിയയിലും ഇറ്റലിയിലെ പിസയിലുടനീളമുള്ള 12 വ്യത്യസ്ത സ്ഥലങ്ങളിലാണ് കുറ്റകൃത്യങ്ങള്‍ നടന്നത്. നിലവില്‍ ഗ്രിഫിത്ത് പൊലീസ് കസ്റ്റഡിയിലാണ്. ശിക്ഷ പിന്നീട് വിധിക്കും.