ഓസ്‌ട്രേലിയയിലേക്ക് 70,600-ലധികം അനധികൃത സിഗരറ്റുകൾ കൊണ്ടുവരാൻ ശ്രമിച്ചതിന് രണ്ട് ജാപ്പനീസ് പൗരന്മാരുടെ ടൂറിസ്റ്റ് വിസ ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് (എബിഎഫ്) ഉദ്യോഗസ്ഥർ റദ്ദാക്കി.കഴിഞ്ഞ ശനിയാഴ്ച (24 ഓഗസ്റ്റ് 2024) ജപ്പാനിലെ ടോക്കിയോയിൽ നിന്ന് മെൽബൺ ഇൻ്റർനാഷണൽ എയർപോർട്ടിൽ എത്തിയ പുരുഷന്മാരുടെ ബാഗേജ് എബിഎഫ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി തടയുകയും തുടർന്ന് ഇവരുടെ ലഗേജുകൾ പരിശോധിച്ചപ്പോൾ ആദ്യത്തെ യാത്രക്കാരൻ്റെ സ്യൂട്ട്കേസുകളിൽ 34,400 സിഗരറ്റുകളും രണ്ടാമത്തെ ട്രാവലറുടെ ബാഗിൽ നിന്ന് 35,900 സിഗരറ്റുകളും കണ്ടെത്തുകയും ചെയ്തു . ഇത്തരത്തിൽ അനധികൃതമായി സിഗരറ്റുകൾ കടത്തിയതിലൂടെ 89,854 ഡോളറിന്റെ നികുതി വെട്ടിപ്പാണ് ഇവർ ചെയ്തിരിക്കുന്നതെന്ന് എബിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു .എബിഎഫ് ഉദ്യോഗസ്ഥർ സിഗരറ്റുകൾ പിടിച്ചെടുക്കുകയും മൈഗ്രേഷൻ ആക്ട് 1958 ലെ സെക്ഷൻ 116 പ്രകാരം പുരുഷന്മാരുടെ വിസകൾ റദ്ദാക്കുകയും ചെയ്തു.തുടർന്ന് രണ്ട് പേരെയും സ്വന്തം ചെലവിൽ രാജ്യത്ത് നിന്ന് പുറത്താക്കി.
2024 ജൂലൈയിൽ ബാഗേജിൽ 330,000 അനധികൃത സിഗരറ്റുകൾ കണ്ടെത്തിയതിനെത്തുടർന്ന് സിഡ്‌നി ഇൻ്റർനാഷണൽ എയർപോർട്ടിലെ എബിഎഫ് ഉദ്യോഗസ്ഥർ ഒമ്പത് ജാപ്പനീസ് പൗരന്മാർക്ക് ഓസ്‌ട്രേലിയയിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഒരു മാസത്തിനുള്ളിൽ, പെർത്ത് ഇൻ്റർനാഷണൽ എയർപോർട്ടിൽ വെച്ച് ലഗേജിൽ 34,000-ലധികം സിഗരറ്റുകൾ കണ്ടെത്തിയതിനെത്തുടർന്ന് മറ്റൊരു ജാപ്പനീസ് പൗരന് രാജ്യത്തേക്കുള്ള പ്രവേശനം നിരസിക്കുകയും പിഴ ചുമത്തുകയും ചെയ്തു. അപ്രഖ്യാപിത സിഗരറ്റുകൾ ഓസ്‌ട്രേലിയയിലേക്ക് കടത്തിയാൽ പണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഇയാൾ സമ്മതിച്ചിരുന്നു .
ഓസ്‌ട്രേലിയയിലേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുവരാൻ ശ്രമിക്കുന്നതിലൂടെ നിയമവിരുദ്ധമായ ഉൽപ്പന്നം നഷ്‌ടമാകുമെന്ന് മാത്രമല്ല, വിസ റദ്ദാക്കുകയും ഓസ്‌ട്രേലിയയിൽ വീണ്ടും പ്രവേശിക്കുന്നതിൽ നിന്ന് മൂന്ന് വർഷം വരെ ഒഴിവാക്കൽ കാലയളവ് നേരിടുകയും ചെയ്യാമെന്ന് എബിഎഫ് സൂപ്രണ്ട് കെല്ലി-ആൻ പാരിഷ് പറഞ്ഞു.
ഓസ്‌ട്രേലിയയിലേക്ക് എന്തെല്ലാം കൊണ്ടുവരാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടുന്ന യാത്രക്കാർക്ക് ABF വെബ്‌സൈറ്റ് ഇവിടെ പരിശോധിക്കാം: www.abf.gov.au