ബ്രിസ്ബേയ്ൻ: ഓസ്ട്രേലിയയിലെ കുട്ടികളുടെ പാർക്കിൽ വച്ച് പിഞ്ചുകുഞ്ഞിന് നേരെ ക്രൂരമായ ആക്രമണം. ഒൻപത് മാസം പ്രായമുള്ള കുഞ്ഞിൻ്റെ ദേഹത്ത് അഞ്ജാതൻ തിളച്ച കാപ്പി ഒഴിച്ചു. ബ്രിസ്ബേയ്നിലെ ഹാൻലോൺ പാർക്കിലാണ് പ്രദേശവാസികളെ ഞെട്ടിച്ച സംഭവമുണ്ടായത്. മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ ആൺകുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ക്വീൻസ്ലാൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ കഴിയുന്ന കുഞ്ഞ് അപകടനില തരണം ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പാർക്കിലെത്തിയ സന്ദർശകരെ ആശങ്കയിലാഴ്ത്തിയ സംഭവമുണ്ടായത്. കുഞ്ഞിന്റെ ദേഹത്തേക്ക് തിളച്ച കാപ്പി ഒഴിച്ചതിന് ശേഷം അക്രമി ഓടി രക്ഷപെടുകയായിരുന്നു. ഇയാൾ രക്ഷപെടാൻ ശ്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പൊലീസ് പങ്കുവെച്ചിട്ടുണ്ട്. അക്രമിയെ തിരിച്ചറിയുന്നവർ വിവരം അറിയിക്കണം എന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്.
തന്റെ രണ്ട് കുഞ്ഞുങ്ങൾക്കൊപ്പം ഇരിക്കുമ്പോൾ അപരിചിതനായ ഒരാൾ വന്ന് ചൂടുള്ള കാപ്പി ഒൻപത് മാസം പ്രായമുള്ള കുഞ്ഞിൻ്റെ ദേഹത്ത് ഒഴിച്ചിട്ട് ഓടിപ്പോകുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു.കുഞ്ഞിന്റെ നിലവിളി കേട്ട് സമീപത്ത് താമസിച്ചിരുന്ന ഒരു നഴ്‌സ് ഓടിയെത്തി സഹായിക്കുകയും ആംബുലൻസ് എത്തുന്നതിന് മുമ്പ് പ്രാഥമിക ചികിത്സ നൽകുകയും ചെയ്‌തതായും അവർ പറഞ്ഞു.
പ്രകോപനം ഒന്നുമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
‘എന്റെ കുഞ്ഞ് ഇത് നേരിടേണ്ടതല്ല. ഒരാളും ഇത് നേരിടേണ്ടതല്ല’ – കുഞ്ഞിൻ്റെ അമ്മ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ആക്രമണം നടന്ന നിമിഷം തൻ്റെ ഓർമയിലേക്ക് വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്.ഞാനാണ് അവനെ സംരക്ഷിക്കേണ്ടിയിരുന്നത്. എന്നാൽ എനിക്ക് അതിനായില്ല കുട്ടിയുടെ അമ്മ പറഞ്ഞു.