ക്വാലാലംപൂർ: മലേഷ്യ സന്ദർശനത്തിനിടെ റോഡിൽ പെട്ടന്നുണ്ടായ കുഴിയിൽ ഇന്ത്യക്കാരിയെ കാണാതായിട്ട് അഞ്ച് ദിവസം. കുടുംബാംഗങ്ങൾക്കൊപ്പം ക്വാലാലംപൂരിലെ ജലാൻ ഇന്ത്യ മസ്ജിദിന് സമീപത്തെ നടപ്പാതയിലൂടെ നടന്ന് പോവുന്നതിനിടെയാണ് ആന്ധ്രപ്രദേശിലെ കുപ്പത്തിലുള്ള അനിമിഗാനിപള്ളി സ്വദേശിനിയായ വിജയ ലക്ഷ്മി ഗാലിയെയാണ് ഓഗസ്റ്റ് 23ന് കാണാതായത്. നിരവധിപ്പേരുള്ള നടപ്പാതയിൽ വിജയലക്ഷ്മിക്ക് അപകടമുണ്ടാവുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിരുന്നു. എന്നാൽ ഊർജ്ജിതമായ തെരച്ചിൽ അഞ്ച് ദിവസം കഴിഞ്ഞിട്ടും വിജയ ലക്ഷ്മിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ശക്തമായ അടിയൊഴുക്ക് വിജയ ലക്ഷ്മിയെ മറ്റെവിടെയെങ്കിലും എത്തിച്ചോയെന്ന സംശയമാണ് കഴിഞ്ഞ ദിവസം അഗ്നിരക്ഷാ സേന മാധ്യമങ്ങളോട് വിശദമാക്കിയത്. സംഭവത്തിൽ അധികൃതരുമായി വിവരങ്ങൾ തേടിയതായാണ് ക്വാലാലംപൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ എക്സിൽ വിശദമാക്കിയത്. നടപ്പാത ഇടിഞ്ഞ് എട്ട് അടിയോളം ആഴത്തിലേക്കാണ് 48കാരി വീണ് പോയത്. ഭൂമി കുഴിഞ്ഞ് പോയതിന് തൊട്ടടുത്ത് നിന്നവർ ഇവരെ പിടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.