ന്യൂഡൽഹി: രാജ്യസുരക്ഷ ഉറപ്പാക്കേണ്ടതിന് പകരം ക്ഷേത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമർശിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയ പ്രസ്താവനക്കെതിരെയായിരുന്നു ഖാർഗെ സംസാരിച്ചത്. ക്ഷേത്രം തുറക്കുന്നത് എപ്പോഴെന്ന് തീരുമാനിക്കാൻ ഷാ മുഖ്യ പൂജാരിയാണോ എന്ന് ഖാർഗെ ചോദിച്ചു. ഹരിയാനയിലെ പാനിപ്പത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രക്കിടയിൽ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഖാർഗെ.
അമിത് ഷായാണൊ മുഖ്യ പൂജാരി, അവിടുത്തെ പൂജാരിമാരേയും സന്യാസിമാരേയും ഇതേ കുറിച്ച് പറയാൻ അനുവദിക്കൂ എന്നും ഖാർഗെ പറഞ്ഞു. നിങ്ങൾ ഒരു രാഷ്ട്രീയക്കാരനാണ്. രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷണം എത്തിക്കുകയും ക്രമസമാധാന നില ഉറപ്പുവരുത്തുക, കർഷകർക്ക് മാന്യമായ വില നൽകുക തുടങ്ങിയവ ഷായുടെ കടമകളാണെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.’ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഷാ അവിടെ പോയി രാമക്ഷേത്രം പണിയുകയാണെന്നും അതിന്റെ ഉദ്ഘാടനം ജനുവരി 1-ന് ആണെന്നും പ്രഖ്യാപിച്ചു. എല്ലാവർക്കും ദൈവത്തിൽ വിശ്വാസമുണ്ട്, എന്നാൽ നിങ്ങൾ അത് തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിക്കുന്നത് എന്തിനാണെന്ന്’ ഖാർഗെ ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് അയോധ്യയിലെ രാക്ഷേത്രം ഉദ്ഘാടനം 2024 ജനുവരി ഒന്നിന് ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപനം നടത്തിയത്. ത്രിപുരയിൽ ബിജെപിയുടെ എട്ട് ദിവസം നീണ്ട് നിൽക്കുന്ന രഥയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താനുള്ള നാഴികകല്ലാണ് രാമക്ഷേത്രമെന്ന് അമിത് ഷാ പറഞ്ഞു. ‘രാമക്ഷേത്ര നിർമ്മാണത്തിന് തടസ്സം നിന്ന കോൺഗ്രസ് കോടതി കയറിയിറങ്ങി. സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രധാന മന്ത്രി നരേന്ദ്രമോദി ക്ഷേത്ര നിർമ്മാണത്തിന് ശിലസ്ഥാപനം നടത്തിയിരുന്നു.’ അമിത് ഷാ പറഞ്ഞു. ഒപ്പം അടുത്ത വർഷം ജനുവരി ഒന്നിന് രാമക്ഷേത്രം സജ്ജമാകുന്ന അയോധ്യയിലേക്ക് എത്തുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് ഷാ ജനങ്ങളോട് അഭ്യർത്ഥിച്ചു.
STORY HIGHLIGHTS: Mallikarjun Kharge slams Amit Shah for announcing temple opening date