ന്യൂഡല്‍ഹി: വിമാനത്തില്‍ സഹയാത്രികയായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിയെ സ്ഥാപനം പുറത്താക്കി. വെല്‍സ് ഫാര്‍ഗോ എന്ന കമ്പനിയാണ് ശേഖര്‍ മിശ്രയെ പുറത്താക്കിയത്. കൂടാതെ അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ നിയമ നടപടി വൈകിപ്പിച്ചതില്‍ വിമാനത്തിലെ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
അറസ്റ്റ് ഒഴിവാക്കുന്നതിനായി പ്രതി മാപ്പപേക്ഷിച്ചതായും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പ്രതി ശേഖര്‍ മിശ്രയ്ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണവുമായി സഹകരിക്കാത്തതിനാലും ആശയവിനിമയം നടത്താത്തതിനാലുമാണ് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.
നിലവില്‍ ഇയാള്‍ ഒളിവിലാണ്. ശേഖര്‍ മിശ്രയെ പിടികൂടാന്‍ പൊലീസ് സംഘത്തെ മുംബൈയിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക സ്വദേശിയാണ് പരാതിക്കാരി. വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിക്കുകയും സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത യാത്രക്കാരന് 30 ദിവസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതായി എയര്‍ ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. നവംബര്‍ 26 ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രക്കിടെയായരുന്നു സംഭവം.
STORY HIGHLIGHTS: The accused was expelled from the company for urinating on a female passenger in the flight