ബ്രിസ്ബെയ്ൻ: ക്വീൻസ്‌ലൻഡിലെ ഗോൾഡ് കോസ്റ്റിൽ ഡേ കെയർ സെൻ്ററിൽ നിന്ന് രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ തനിയെ പുറത്തേക്കിറങ്ങി പോയ സംഭവത്തിൽ വൻ തുക പിഴ ചുമത്തി കോടതി. മൗഡ്സ്ലാൻഡ് എന്ന പ്രദേശത്ത്, സാങ്‌ച്വറി ഏർലി ലേണിങ് അഡ്വഞ്ചർ എന്ന പേരിൽ ഡേ കെയർ നടത്തുന്ന വെസ്റ്റ മൗഡ്സ്ലാൻഡ് പ്രൊപ്രൈറ്ററി ലിമിറ്റഡ് കമ്പനിക്കാണ് സൗത്ത്പോർട്ട് മജിസ്ട്രേറ്റ് കോടതി 13,500 ഡോളർ പിഴ ചുമത്തിയത്.
2022 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒന്നര വയസും രണ്ട് വയസും മാത്രം പ്രായമുള്ള കുഞ്ഞുങ്ങളാണ് ഡേ കെയർ സെൻ്ററിൻ്റെ ഔട്ട്ഡോർ കളിസ്ഥലത്തു തുറന്നിരുന്ന എമർജൻസി ഗേറ്റിലൂടെ പുറത്തു ചാടിയത്. കുട്ടികൾ കാർ പാർക്കിങ് മേഖലയിലൂടെ നടന്ന് തിരക്കേറിയ ഫുട്പാത്തിലെത്തുകയും ചെയ്‌തതായി മജിസ്ട്രേറ്റ് സാറാ തോംസൺ പറഞ്ഞു. ഇവിടെ വച്ച് അതുവഴി നടന്നുപോയ യാത്രക്കാരൻ കുട്ടികളെ കണ്ടെത്തിയതിനാലാണ് വലിയ അപകടം ഒഴിവായത്.
ഏകദേശം നാല് മിനിറ്റോളം കുട്ടികൾ മേൽനോട്ടമില്ലാതെ സഞ്ചരിച്ചതായി കോടതി കണ്ടെത്തി. സംഭവത്തെ തുടർന്ന് സാങ്‌ച്വറി ഏർലി ലേണിംഗ് അഡ്വഞ്ചർ തങ്ങളുടെ നിയമങ്ങൾ ശക്തമാക്കിയതായി കോടതിയെ അറിയിച്ചു.
ഡേ കെയർ സർവീസിലെ സേവനം തൃപതികരമല്ലെന്നും കുട്ടികളുടെ സുരക്ഷയെ തന്നെ ബാധിച്ചെന്നും കോടതി വ്യക്തമാക്കി കുട്ടികൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണെന്നും അശ്രദ്ധ പാടില്ലെന്നും കോടതി താക്കീത് നൽകി.