കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതിന്റെ പിറ്റേദിവസം തന്നെ ബംഗാളില്‍ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞത് നാല് പേരെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. പശ്ചിമബംഗാളില്‍ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട ഹൗറ-ന്യൂ ജാല്‍പായ്ഗുരി വന്ദേഭാരത് എക്‌സ്പ്രസ്സിന് നേരെയാണ് കല്ലേറുണ്ടായത്. രണ്ടുതവണയാണ് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരുതവണ ബിഹാറിലും മറ്റൊരു സംഭവം ബംഗാളിലുമാണെന്ന് ഈസ്റ്റേണ്‍ റെയില്‍വേയുടെ അന്വേഷണത്തില്‍ വ്യക്തമാകുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ കിഷന്‍ഗഞ്ചില്‍ നിന്ന് പിടിയിലായിട്ടുണ്ട്.
ട്രെയിനിലെ ക്യാമറകളില്‍ നിന്നും കല്ലെറിയുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. വടക്ക്കിഴക്കന്‍ റെയില്‍വേയും പശ്ചിമബംഗാള്‍ റെയില്‍വേ പൊലീസും കേസില്‍ അന്വേഷണം നടത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് സംഭവത്തിന് പിന്നില്‍ നാല് പേരാണെന്ന വിവരം പുറത്ത് വന്നത്. പിടിയിലായവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ മുമ്പാകെ ഹാജരാക്കി. അതേസമയം കല്ലേറ് സംഭവം ബംഗാളില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിരിക്കുകയാണ്. വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുണ്ടായ കല്ലേറ് ആസൂത്രിതമാണെന്നാണ് ബിജെപിയുടെ ആരോപണം.
എന്നാല്‍ ബംഗാളിനെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ബംഗാള്‍ സര്‍ക്കാറും തിരിച്ചടിച്ചു. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ബംഗാള്‍ സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ടിവി ചാനലുകള്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. വ്യാജവാര്‍ത്തകള്‍ നല്‍കിയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചും ബംഗാളിനെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന് മമതാ ബാനര്‍ജി പറഞ്ഞു.
Story Highlights: Stone pelting on Vande Bharat Express; BJP has identified four people and said it was planned