മെക്സിക്കോയിലെ രണ്ട് പുരാതന നിർമ്മിതികളാണ് ഒമ്പത് ദിവസത്തിനുള്ളിൽ തകർന്നത്. പ്രാദേശിക ഗോത്രങ്ങൾ ഇതിനെ വിശേഷിപ്പിച്ചത് ‘മോശം നിമിത്തം’ എന്നാണ്. യൂട്ടായിലെ ഗ്ലെൻ കാന്യോൺ നാഷണൽ റിക്രിയേഷൻ ഏരിയയിൽ ഡബിൾ ആർച്ചായിരുന്നു ആദ്യം തകർന്നത്. പിന്നാലെ, ഇഹുവാറ്റ്സിയോ ആർക്കിയോളജിക്കൽ സോണിലെ ഒരു പിരമിഡും അപ്രതീക്ഷിതമായി തകരുകയായിരുന്നു.
പിരമിഡിന്റെ ഉൾഭാഗവും ഭിത്തിയും ഒരുപോലെ തകർന്നു എന്നതിനാൽ തന്നെ കനത്ത നാശനഷ്ടമാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്വാഭാവികമായ കാരണങ്ങളാണ് തകർച്ചയ്ക്ക് പിന്നിലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പുരെപെച്ച ഗോത്രത്തിൽ പെട്ടവരുടെ പൂർവ്വികരാണ് ഇഹുവാറ്റ്സിയോ ആർക്കിയോളജിക്കൽ സോണിലെ പിരമിഡ് നിർമ്മിച്ചത്.
മെക്സിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററി ഒരു പ്രസ്താവനയിൽ പറഞ്ഞത്, ‘ഇഹുവാത്സിയോ ആർക്കിയോളജിക്കൽ സോണിൽ വരുന്ന പിരമിഡൽ ബേസുകളിലൊന്നിൻ്റെ തെക്കൻ ഭാഗത്തെ മുഖത്തിൻ്റെ മധ്യഭാഗത്ത് ഒരു തകർച്ചയുണ്ടായി. പാറ്റ്‌സ്‌കുവാരോ തടാകത്തിൽ കനത്ത മഴ പെയ്യുന്നതിനാലാണ് ഇത് സംഭവിച്ചത്. പ്രതീക്ഷിച്ച ശരാശരിയേക്കാൾ ഉയർന്ന മഴയാണ് ഇവിടെ പെയ്തത്. ഈ പ്രദേശത്ത് മുമ്പ് രേഖപ്പെടുത്തിയ ഉയർന്ന താപനിലയും തുടർന്നുള്ള വരൾച്ചയും ഇതിന്റെ ഉള്ളിലേക്ക് വെള്ളം കയറുന്നതിലേക്ക് നയിക്കുന്ന വിള്ളലുകളുണ്ടാക്കി’ എന്നാണ്.
എന്നാൽ, ഗോത്രവിഭാഗക്കാർ തങ്ങളുടെ വിശ്വാസവുമായിട്ടാണ് ഈ തകർച്ചകളെ ബന്ധിപ്പിച്ചിരിക്കുന്നത്. ഗോത്രത്തിലെ ഒരു അംഗമായ തരിയാകുരി അൽവാരസ് പറയുന്നത്, ‘ഇത് വരാനിരിക്കുന്ന ഒരു ദുരന്തത്തിൻ്റെ സൂചനയായിരിക്കാം’ എന്നാണ്. ‘വരാനിരിക്കുന്ന എന്തൊ ഒരു അപകടത്തിന്റെ സൂചനയാണ് ഇതെന്നാണ് തങ്ങളുടെ പൂർവികരുടെ വാക്കുകൾ പ്രകാരം വിശ്വസിക്കുന്നത്. കോൺക്വിസ്റ്റഡോർസ് (മെക്സിക്കോയെ കീഴടക്കാനെത്തിയവർ) വരുന്നതിന് മുമ്പ് ഇങ്ങനെയൊന്ന് സംഭവിച്ചിരുന്നു. ദേവന്മാരുടെ അതൃപ്തിയായിരുന്നു അതിന് കാരണം’ എന്നാണ് അൽവാരസ് പറഞ്ഞത്.