ഞങ്ങൾ അപകടത്തിലാണ്’ ഇവിടെ ചൂരൽ മലയിൽ ഉരുൾപൊട്ടിയിട്ടുണ്ട്. വെള്ളം പൊങ്ങി വരികയാണ്. ആരെങ്കിലും ഒന്ന് രക്ഷിക്കോ.” എന്ന നീതു ജോജോയുടെ ഇടറിയ ഫോൺവിളിയിലൂടെയാണ് ഭീകരമായ ഈ ദുരന്തം പുറം ലോകം അറിഞ്ഞത്. ഒന്നാമത്തെ ഉരുൾപൊട്ടിയപ്പോൾ സുരക്ഷിത ഇടമെന്ന് കരുതി കുറെ കുടുംബങ്ങൾ ഓടിയെത്തിയത് നീതുവിന്റെ വീട്ടിലേക്കായിരുന്നു. ആ സമയത്ത് അറിയുന്നവരെയൊക്കെ നീതു വിളിച്ചറിയിച്ചതനുസരിച്ചാണ് ഫയർ സർവീസും രക്ഷാ വാഹനങ്ങളും ആംബുലൻസും പ്രദേശത്തേക്ക് പുറപ്പെട്ടത്.ദൗർഭാഗ്യവശാൽ താഞ്ഞിലോട് റോഡിൽ മരം വീണ് ഗതാഗതം മുടങ്ങി.അതിനിടയിലാണ് രണ്ടാമതും ഉരുൾപൊട്ടി നീതുവിന്റെ വീടുൾപ്പെടെ വെള്ളം വിഴുങ്ങിയത്. നീതുവിന്റെ ഭർത്താവ് വീട്ടിലുള്ളവരെയും അഭയം തേടിയെത്തിയവരെയും തൊട്ടടുത്തുള്ള കാപ്പിത്തോട്ടത്തിലേക്ക് സുരക്ഷിതമായി മാറ്റിയതിനു ശേഷ൦ തിരികെയെത്തിയപ്പോഴാണ് തൻ്റെ ജീവൻ്റെ പാതി കൈവിട്ടു പോയതറിയുന്നത്.
ദുരന്തഭൂമിയിലെ ചെളിയിൽ പരതി പൊട്ടിക്കരയുന്ന തകർന്നുപോയ ജോജോയാണ് രക്ഷാദൗത്യത്തിനെത്തിയവർ ആദ്യം കണ്ടത്. പുഴയെടുത്തു പോയ വീടിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ തൻ്റെ പ്രിയതമയെ കാണാതെ തകർന്നുപോയ ജോജോ കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു. ആശ്വാസവാക്കുകൾ ഇല്ലാതെ ഏറെ പണിപ്പെട്ടാണ് ജോജോയെ അവിടെ നിന്നും മാറ്റിക്കൊണ്ടു പോയത്. ഏക മകൻ പാപ്പി അമ്മ വരുന്നതും കാത്ത് കണ്ണുനട്ടിരിക്കുകയാണ്. ഏറെ ദിവസങ്ങൾ കാണാമറയത്തായിരുന്ന നീതുവിനെ ശനിയാഴ്ചയാണ് കണ്ടെത്തിയത്. നീതു വിന്റെ മൃതദേഹ൦ ചൂരൽമല ചർച്ചിൽ സംസ്കരിച്ചു.