കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദിന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് മോഹൻലാൽ. താൻ അഭിനയിച്ച കിളിച്ചുണ്ടൻ മാമ്പഴത്തിലെ ‘ഒന്നാം കിളി രണ്ടാം കിളി’ എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കേരളീയത തുളുമ്പുന്ന എത്രയെത്ര മനോഹരഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചുവെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.
‘മലയാണ്മയുടെ പ്രസാദാത്മകത വാക്കുകളിലും വരിയിലും നിറച്ച അനുഗ്രഹീത കവിയായിരുന്നു പ്രിയപ്പെട്ട ബിയാർ പ്രസാദ്. ഞാൻ അഭിനയിച്ച കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ ‘ഒന്നാം കിളി രണ്ടാം കിളി’ എന്ന ഗാനത്തിലൂടെയാണ്, കവിയും നാടക സംവിധായകനുമായ ബിയാർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കേരളീയത തുളുമ്പുന്ന എത്രയെത്ര മനോഹരഗാനങ്ങൾ പിന്നീട് അദ്ദേഹം നമുക്ക് സമ്മാനിച്ചു. അദ്ദേഹത്തിന് വേദനയോടെ ആദരാഞ്ജലികൾ’, മോഹൻലാൽ പറഞ്ഞു.
1993-ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധാനകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. 2003-ൽ ‘കിളിച്ചുണ്ടൻ മാമ്പഴ’മെന്ന മോഹൻലാൽ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയിൽ പ്രസിദ്ധനായി. ‘ഒന്നാംകിളി പൊന്നാൺകിളി…’, ‘കേരനിരകളാടും ഒരു ഹരിത ചാരുതീരം’, ‘മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി..’ തുടങ്ങി മലയാളികൾ എന്നും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരുപിടി ഗാനങ്ങളുടെ എഴുത്തുകാരനാണ്.
story highlights: mohanlal condoled the death of film lyricist beeyar prasad