ശ്രീനഗർ: കേന്ദ്രഭരണ പ്രദേശമായതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിനൊരുങ്ങി ജമ്മു കശ്മീര്‍. ഈ വര്‍ഷം ഏപ്രിലിലൊ, സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലൊ തെരഞ്ഞെടുപ്പ് നടത്താനാണ് ശ്രമം. പരമാവധി വോട്ടര്‍മാര്‍ക്ക് ബൂത്തുകളില്‍ എത്താന്‍ കഴിയുന്ന തരത്തില്‍ നല്ല കാലാവസ്ഥ കൂടി പരിഗണിച്ചായിരിക്കും തീയതി തീരുമാനിക്കുക. സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും തെരഞ്ഞെടുപ്പ് തീയതിയില്‍ അന്തിമ തീരുമാനം.
അതേസമയം ആഭ്യന്തരമന്ത്രി അമിത്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ബിജെപി തയാറെടുക്കുകയാണെന്നും നേതാക്കള്‍ അറിയിച്ചു. ജമ്മുകാശ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കുകയും ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തു മാറ്റുകയും ചെയ്ത ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. സുഗമമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് സംസ്ഥാന ഭരണകൂടത്തിന്റെയും പ്രാദേശിക നേതാക്കളുടെയും അഭിപ്രായം കേന്ദ്രസര്‍ക്കാര്‍ തേടുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
Story Highlights: Jammu and Kashmir to go to polling booth soon; Amit Shah assessed the situation