റിയാദ്: മനുഷ്യക്കടത്ത് തടയുന്നതിന് യുഎസുമായി കരാറിൽ ഒപ്പിട്ട് സൗദി അറേബ്യ. യുഎസിന്റെ മയക്കുമരുന്ന് കുറ്റകൃത്യ വിഭാഗവും സൗദി മനുഷ്യാവകാശ കമ്മീഷനുമാണ് ഇതുമായി ബന്ധപ്പെട്ട കരാർ ഒപ്പിട്ടത്. മനുഷ്യക്കടത്ത് തടയുകയും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നടപ്പാക്കുകയുമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. മനുഷ്യക്കടത്തു തടയുന്നതിനെതിരെ രാജ്യത്തെ പ്രവര്‍ത്തനം കൂടുതല്‍ വിശാലമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കരാറിന്റെ രണ്ടാംഘട്ടമാണ് യുഎസുമായി സൗദി ഒപ്പുവെച്ചത്.
മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനും സുസ്ഥിരമായ പ്രതിവിധികള്‍ കണ്ടെത്തുന്നതിനും കരാര്‍ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യങ്ങളില്‍ ഒന്നാണ് മനുഷ്യക്കടത്ത്. മനുഷ്യരെന്ന നിലയില്‍ സ്വാതന്ത്ര്യവും അഭിമാനവും നിഷേധിക്കുന്നതാണ് മനുഷ്യക്കടത്തെന്നും എച്ച്ആര്‍സി പ്രസിഡണ്ട് ഹാല അല്‍ തുവൈജിരി ചൂണ്ടിക്കാട്ടി. എല്ലാ മനുഷ്യരുടേയും സംരക്ഷണം ഉറപ്പാക്കുന്നതിന് നിയമപരമായ ചട്ടക്കൂടില്‍നിന്നുകൊണ്ട് ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ക്കും അന്താരാഷ്ട്ര ഉടമ്പടികള്‍ക്കും രൂപം നല്‍കുകയാണ് സൗദിയുടെ ലക്ഷ്യമെന്നും ഹാല വ്യക്തമാക്കി. മനുഷ്യക്കടത്തില്‍ ഇരകളാക്കപ്പെടുന്നവരെ വിവേചനമില്ലാതെ ചേര്‍ത്തുനിര്‍ത്തണമെന്നും ഹാല അഭിപ്രായപ്പെട്ടു.
യുഎന്‍ മേഖല പ്രതിനിധി ഹാറ്റം അലി സൗദിയുമായുള്ള പങ്കാളിത്തത്തെ സ്വാഗതം ചെയ്തു. ദേശീയതലത്തിലും മേഖലയിലും അന്തരാഷ്ട്ര തലത്തിലും മനുഷ്യക്കടത്ത് തടയുന്നതിന് നിലവിലെ സൗദിയുമായുള്ള സഹകരണം ഊന്നുന്നതായും ഹാറ്റം അലി അഭിപ്രായപ്പെട്ടു.
STORY HIGHLIGHTS: Saudi UN body sign agreement to combat human trafficking