റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് ഇനി മുതല്‍ ഡിജിറ്റല്‍ തിരിച്ചറിയില്‍ കാര്‍ഡ് സേവനം ലഭ്യമാകും. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷര്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രവാസികളുടെ കുംടുംബാംഗങ്ങള്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡ് സേവനം ലഭ്യമാക്കുക. സൗദി ആഭ്യന്തരവകുപ്പ് ട്വീറ്ററിലൂടെയാണ് ഇത് സംബന്ധിച്ച് അറിയിച്ചത്.
സൗദി അബ്ഷര്‍ പ്ലാറ്റ്‌ഫോമിന്റെ ഡിജിറ്റല്‍ രേഖകള്‍ ലഭ്യമാക്കുന്ന സേവനത്തിലൂടെയാണ് പ്രവാസി കടുംബങ്ങള്‍ക്കുള്ള ഡിജിറ്റല്‍ തിരിച്ചറിയില്‍ കാര്‍ഡും ലഭിക്കുക. ഡിജിറ്റല്‍ ഫോട്ടോകള്‍ തിരിച്ചറിയല്‍ രേഖകളുടെ പരിശോധനക്കായി ഉപയോഗിക്കാനാകുമെന്ന് ആഭ്യന്തര മന്ത്രാലയ ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇത്തരത്തില്‍ ഫോട്ടോ ഉപയോഗിച്ച് പരിശോധന പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതിലൂടെ രേഖകള്‍ നേരിട്ട് ഹാജരേക്കണ്ട ആവശ്യകത ഇല്ലാതാവുമെന്നും അബ്ഷര്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.
ഡിജിറ്റല്‍ തിരിച്ചറിയില്‍ കാര്‍ഡ് നിലവില്‍ വരുന്നതോടെ കാര്യങ്ങള്‍ സുഗമമാകും. ഡിജിറ്റല്‍ ഐഡി സേവനം നിലവില്‍ വരുന്നതോടെ തിരിച്ചറിയല്‍ കാര്‍ഡ് കൈയ്യില്‍ കരുതേണ്ട ആവശ്യമില്ല. കാര്‍ഡ് നഷ്ടമാകുമെന്ന ആശങ്കയും ഇനിമുതല്‍ ആവശ്യമില്ല. സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാകുമെന്നതുകൊണ്ട് തന്നെ പ്രത്യേകമായി കാര്‍ഡ് സൂക്ഷിക്കേണ്ടതില്ലെന്നതും ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പ്രത്യേകതയാണ്.
സൗദി ആഭ്യന്തര മന്ത്രാലയം നിരവധി പുതിയ ഇ-സര്‍വ്വീസുകളാണ് പ്രവാസികള്‍ക്കും പൗരന്‍മാര്‍ക്കുമായി പദ്ധതിയിടുന്നത്. 2022 അഷ്ബര്‍ ഫോറത്തിന്റെ എട്ടാമത്തെ എഡീഷന്റെ ഭാഗമായാണ് ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പുതിയ സേവനം നിലവില്‍ വരുന്നതോടെ മന്ത്രാലയ ഓഫീസുകളില്‍ നേരിട്ട് സമീപിക്കേണ്ട ആവശ്യകതയില്ലാതാവും.
വാഹനങ്ങള്‍ മോഷ്ടിക്കപ്പെട്ടാല്‍ ഓണ്‍ലൈന്‍ സേവനത്തിലൂടെ റിപ്പോര്‍ട്ട് ചെയ്യാവുന്ന സംവിധാനവും ഫോറത്തില്‍ സൗദി പൊതു സുരക്ഷാ വിഭാഗം പുറത്തിറക്കിയിട്ടുണ്ട്. പൊലീസില്‍ നേരിട്ട് ചെന്ന് പരാതിപ്പെടേണ്ട ആവശ്യമില്ല. അബ്ഷര്‍ പ്ലാറ്റ് ഫോമില്‍ ലോഗിന്‍ ചെയ്ത് വെഹിക്കിള്‍ ടാബിലൂടെ സര്‍വ്വീസുകള്‍ സെലക്ട് ചെയ്യുക. പിന്നീട് മോഷ്ടിക്കപ്പെട്ട വാഹനം സെലക്ട് ചെയ്യുക. പരാതി ഇതുവഴി നല്‍കുന്നത് നടപടി വേഗത്തിലാക്കാനും ഉപകരിക്കുമെന്നതാണ് പ്രത്യേകത.
STORY HIGHLIGHTS: Family members of expatriates in Saudi Arabia will now have digital identification card service