കൊച്ചി: സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന വ്ലോഗർമാരും, കണ്ടന്റ് ക്രിയേറ്റർമാരും ഉൾപ്പെടെയുള്ളവർക്ക് കടിഞ്ഞാണിടാൻ നിർമാതാക്കൾ. സിനിമയുടെ പ്രമോഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പങ്കെടുക്കുന്ന ഓൺലൈൻ ഡിജിറ്റൽ സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ ഉൾപ്പെടെയുള്ളവ നിർബന്ധമാക്കുകയാണെന്ന് വ്യക്തമാക്കി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കത്തു നൽകി. നിർമ്മാതാക്കളുടെ അസോസിയേഷൻ ആകും അക്രഡിറ്റേഷൻ നൽകുക.
ഈ അക്രഡിറ്റേഷൻ ലഭിക്കണമെങ്കിൽ ഓൺലൈൻ – സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ കേന്ദ്രസർക്കാരിൻറെ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും ഇവയ്ക്ക് ജി എസ് ടി രജിസ്ട്രേഷൻ നമ്പറും ടാൻ ( TAN)നമ്പറും ഉണ്ടായിരിക്കുകയും വേണം.ഓൺലൈൻ മാധ്യമത്തിന്റെ ലോഗോ, ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്തിരിക്കണം. ഇതിന് ആറുമാസം വരെ സാവകാശം അനുവദിക്കും. സ്ഥാപനത്തിൻറെ വെബ്സൈറ്റിനെ കുറിച്ചുള്ള വിശദവിവരം നൽകണം. സ്ഥാപനത്തിൻറെ പ്രവർത്തനം സംബന്ധിച്ച് വിശദമായ വിവരങ്ങളും നൽകണം. ഇതിൽ കമ്പനിയുടെ സ്വഭാവം നടത്തിപ്പുകാരെ കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവ നൽകണം. ഇതിന് പുറമേ സിനിമയിലെ അംഗീകൃത പിആർഒയുടെ കവറിങ് ലെറ്ററോടുകൂടി വേണം അക്രഡിറ്റേഷന് അപേക്ഷിക്കാൻ. ഒന്നിൽ കൂടുതൽ ചാനലുകൾ ഒരു സ്ഥാപനത്തിൻറെ കീഴിൽ പ്രവർത്തിക്കുന്നു എങ്കിൽ അതിന്റെ വിശദാംശങ്ങളും അറിയിക്കണമെന്നു൦ നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കുന്നു.
ജൂലൈ 24 വരെയാണ് അക്രഡിറ്റേഷനുള്ള അപേക്ഷ അസോസിയേഷൻ സ്വീകരിക്കുക. സിനിമയിലെ പി ആർ ഓ മാരുടെ സംഘടന ഫെഫ്കയ്ക്കുകീഴിലായാണ് പ്രവർത്തിക്കുന്നത് എന്നതിനാലാണ് ഫെഫ്കയ്ക്ക് കത്ത് നൽകിയത്. ഇതേക്കുറിച്ച് ചർച്ച ചെയ്യുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു.