പത്തനംതിട്ട: ശബരിമലയില്‍ ഭക്തജനത്തിരക്ക് തുടരുന്നു. വെര്‍ച്ച്വല്‍ ക്യൂ വഴി ഇന്ന് ദര്‍ശനം ബുക്ക് ചെയ്തിരിക്കുന്നത് 89,971 പേരാണ്. കാനന പാത വഴി ക്ഷേത്രത്തിലെത്തുന്നവരുടെ എണ്ണത്തിലും അടുത്ത ദിവസങ്ങളില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായത്.
മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ രാവിലെ ശബരിമലയില്‍ ഭക്തജനത്തിരക്ക് അല്‍പ്പം കുറവായിരുന്നു. എന്നാല്‍ രാത്രിയോടെ തിരക്ക് വളരെയധികം കൂടിയിരുന്നു. കഴിഞ്ഞ ദിവസം സന്നിധാനത്ത് തിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് ഘട്ടം ഘട്ടമായി ആയിരുന്നു തീര്‍ത്ഥാടകരെ കയറ്റി വിട്ടിരുന്നത്. ജനുവരി 14നാണ് ശബരിമലയിലെ മകരവിളക്ക് ഉത്സവം.
തിരക്ക് ഉയരുമ്പോളും ശബരിമലയിലെ രണ്ട് കതിനപ്പുരകളും പ്രവര്‍ത്തിക്കുന്നത് കൃത്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണെന്ന വിമര്‍ശനം ഭക്തജനങ്ങള്‍ക്കിടയില്‍ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം മാളികപ്പുറത്ത് തീപിടുത്തമുണ്ടായപ്പോള്‍ തീ അണയ്ക്കുന്നതിനായി വെളളം പോലും സമീപ സ്ഥലത്തില്ലായിരുന്നുവെന്നത് വളരെ ആശങ്ക സൃഷ്ടിക്കുന്നതാണ്.
ശബരിമലയിലെ മാളികപ്പുറത്തുണ്ടായത് തീപിടുത്തമാണെന്ന് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംഭവത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ട് ദിവസത്തിനകം വീണ്ടും പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ശബരിമലയില്‍ മാളികപ്പുറത്തിനടുത്ത് കതിനയ്ക്ക് തീപിടിച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പൊള്ളലേറ്റിരുന്നു. കതിന നിറയ്ക്കുന്ന തൊഴിലാളികളായ ചെങ്ങന്നൂര്‍ സ്വദേശികളായ എ ആര്‍ ജയകുമാര്‍, അമല്‍, രജിഷ് എന്നിവര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമായിരുന്നു. ശരീരത്തിന്റെ 45 ശതമാനത്തോളം ഇവര്‍ക്ക് പൊള്ളലേറ്റതായായിരുന്നു പ്രാഥമിക വിവരം.
പരുക്കേറ്റവരെ ഉടന്‍ തന്നെ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കതിന നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം. സമീപത്തുണ്ടായിരുന്ന വെടിമരുന്നുകള്‍ക്ക് കൂടി തീപിടിച്ചത് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. സന്നിധാനത്തെ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അബദ്ധത്തില്‍ കതിന പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പരുക്കേറ്റവര്‍ പൊലീസിന് നല്‍കിയ മൊഴി.
STORY HIGHLIGHTS: Huge crowd of devotees at Sabarimala