റിയോ ഡി ജനീറോ: ബ്രസീല്‍ പ്രസിഡന്റായി ലുല ഡാ സില്‍വ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് മൂന്നാം തവണയാണ് ലുല പ്രസിഡന്റ് പദവിയിലെത്തുന്നത്. രാജ്യത്തെ പാവപ്പെട്ടവര്‍ക്കും പരിസ്ഥിതിക്കുമായി പോരാടുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഇടതുപക്ഷ വര്‍ക്കേഴ്സ് പാര്‍ട്ടി നേതാവ് ലുല പറഞ്ഞു.
ആമസോണ്‍ മഴക്കാടുകള്‍ അടക്കമുള്ളവയുടെ സംരക്ഷണം താന്‍ ഏറ്റെടുക്കുന്നായി അദ്ദേഹം പറഞ്ഞു. തെരുവില്‍ നിര്‍ത്തുന്ന വാഹനങ്ങള്‍ക്കടുത്ത് വന്ന് ആളുകള്‍ ഭിക്ഷ യാചിക്കുന്നത് കാണുമ്പോള്‍ തന്റെ കണ്ണകള്‍ നിറയുകയാണെന്നും ലുല കൂട്ടിച്ചേര്‍ത്തു. അധികാരമേറ്റതിന് പിന്നാലെ 35 അംഗ മന്ത്രിസഭയും പ്രസിഡന്റ് പ്രഖ്യാപിച്ചു. ഇതില്‍ 11 പേര് വനിതകളാണ്.
നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റായിരുന്ന ബൊല്‍സനാരോയുടെ വലതുപക്ഷ പാര്‍ട്ടിയെ തോല്‍പ്പിച്ചാണ് ലുല അധികാരത്തിലെത്തിയത്. മൂന്ന് തവണ അധികാരത്തിലെത്തുന്ന ബ്രസീലിന്റെ ആദ്യ പ്രസിഡന്റാണ് അദ്ദേഹം. സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പതിനായിരങ്ങളാണ് തലസ്ഥാനമായ ബ്രസീലിയയില്‍ എത്തിയത്.
Story Highlights: Lula da Silva sworn in as Brazil president