പന്തീരാങ്കാവ്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതി ഡൽഹിയിൽ ഉണ്ടെന്ന് കേസ് അന്വേഷിക്കുന്ന പോലീസ് സംഘം കണ്ടെത്തി. യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. യുവതി ബന്ധുവിന് അയച്ച വാട്സ്ആപ്പ് സന്ദേശം പിന്തുടർന്നാണ് പോലീസ് മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയത്. യുവതി ഡൽഹിയിൽ ഉണ്ടെന്ന സംശയം കഴിഞ്ഞദിവസം യുവതിയുടെ ബന്ധുക്കളും പോലീസിനോട് പങ്കുവെച്ചിരുന്നു. യുവതിയെ കണ്ടെത്തി തിരികെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം. ഇതിനായി സംഘാംഗങ്ങൾ വൈകാതെ ഡൽഹിയിലേക്ക് തിരിക്കും. യുവതിയുടെ പരാതിയിലുള്ള കേസ് റദ്ദാക്കാൻ ഹൈക്കോടതിയിൽ കോഴിക്കോട്ടെ അഭിഭാഷകനെ ചുമതലപ്പെടുത്തിയ സാഹചര്യത്തിൽ യുവതി കോഴിക്കോട് രഹസ്യ കേന്ദ്രത്തിൽ ഉണ്ടോയെന്ന് പോലീസ് ഇന്നലെ അന്വേഷിച്ചിരുന്നു.