കോട്ടയം: കോണ്‍ഗ്രസ് അധികാരത്തില്‍ മടങ്ങി വരണമെങ്കില്‍ ഹിന്ദുക്കളുടെ പിന്തുണവേണമെന്നത് ശരിയായ പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണിയുടെ പരാമര്‍ശത്തിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘താന്‍ ഇത് മുന്‍പും നിയമസഭയില്‍ പറഞ്ഞിട്ടുള്ളതാണ്. കാവി മുണ്ട് ഉടുത്തവരും കുറി തൊട്ടവരുമെല്ലാം ബിജെപിക്കാരല്ല. ബിജെപിയിലേക്ക് ആളെക്കൂട്ടുന്ന പരിാപാടിയല്ല ഞങ്ങള്‍ ചെയ്യുന്നത്.’ വിഡി സതീശന്‍ പറഞ്ഞു. അമ്പലത്തില്‍ പോകുന്നവരേയും തിലകക്കുറി ചാര്‍ത്തുന്നവരേയും മൃദുഹിന്ദുത്വത്തിന്റെ പേര് പറഞ്ഞ് മാറ്റി നിര്‍ത്തുന്നത് ഉചിതമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്താന്‍ മാത്രമേ ഇത് ഉപകരിക്കൂവെന്നും എ കെ ആന്റണി തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. ഇതിനെ പിന്തുണക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
എകെ ആന്റണിയുടെ പരാമര്‍ശത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. സമൂഹത്തെ വിഭജിക്കാന്‍ ബിജെപിക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ വളംവെച്ചുകൊടുക്കരുത്. താന്‍ ക്ഷേത്രത്തില്‍ പോകുന്നയാളാണെന്നും കുറി തൊടുന്നയാളാണെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ന്യൂനപക്ഷ പ്രീണനം, മൃദു ഹിന്ദുത്വം തുടങ്ങിയ പ്രയോഗങ്ങളോട് അദ്ദേഹം യോജിച്ചിരുന്നില്ല. ഹിന്ദുമതം വിഭാവനം ചെയ്യുന്ന വിശാലമനസ്‌കത ബിജെപിക്കില്ലെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: VD Satheesan needs the support of Hindus to return Congress