ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ ഡല്‍ഹി സന്ദര്‍ശനത്തിനിടയില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിന്റെ ആരോപണത്തിന് മറുപടിയുമായി സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് രംഗത്തെത്തി. ഡല്‍ഹിയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് സുരക്ഷാ ക്രമീകരണങ്ങള്‍് ഒരുക്കിയിരുന്നതെന്ന് സിആര്‍പിഎഫ് പറഞ്ഞു. എന്നാല്‍ ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയാണ് സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ചതെന്ന് സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. ഭാരത് ജോഡോ യാത്ര ശനിയാഴ്ച ഡല്‍ഹിയില്‍ പ്രവേശിച്ചിരുന്നു.
ജോഡോ യാത്ര ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ എല്ലാ പങ്കാളികളുടെയും മുന്‍കൂര്‍ സുരക്ഷാ ഉറപ്പ് വരുത്തിയിരുന്നതായും സിആര്‍പിഎഫ് അറിയിച്ചു. ഡിസംബര്‍ 24ന് ഡല്‍ഹിയില്‍ പ്രവേശിച്ചതു മുതല്‍ യാത്രയുടെ സുരക്ഷയില്‍ പലതവണ വീഴ്ചയുണ്ടായെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പറഞ്ഞിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും രാഹുല്‍ ഗാന്ധിക്ക് ചുറ്റും സുരക്ഷാവലയം തീര്‍ക്കുന്നതിലും ഡല്‍ഹി പോലീസ് പൂര്‍ണ്ണമായും പരാജയപ്പെട്ടു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഡല്‍ഹി പൊലീസ്. അതേ സമയം എല്ലാ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിച്ചിരുന്നെന്നും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ഡല്‍ഹി പോലീസും അറിയിച്ചു.
‘മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണ്ണമായും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ ആളുകള്‍ക്കും ഉപദേശങ്ങള്‍ നല്‍കിയിരുന്നു’, സിആര്‍പിഎഫ് എംഎച്ച്എയ്ക്ക് അയച്ച കത്തില്‍ പറഞ്ഞു. പല അവസരങ്ങളിലും രാഹുല്‍ ഗാന്ധിയുടെ ഭാഗത്തുനിന്ന് നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടതായി നിരീക്ഷിച്ചിട്ടുണ്ടെന്നും ഈ വസ്തുത ഇടയ്ക്കിടെ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും സിആര്‍പിഎഫ് ചൂണ്ടിക്കാട്ടി.
Story Highlights: Rahul Gandhi violated security guidelines; CRPF over breaches