‘ഈ മാഗസിൻ അഗാധമായ ഒരു പാരമ്ബര്യം വഹിക്കുന്നു, അനേകർക്ക് പ്രത്യേക ഓർമകള്‍ നല്‍കുന്നു’ -ബ്രിട്ടനില്‍ റീഡേഴ്സ് ഡൈജസ്റ്റ് പ്രസിദ്ധീകരണം നിർത്തിക്കൊണ്ട് എഡിറ്റർ ഇൻ ചീഫ് ഇവാ മക്കെവിക് കുറിച്ച വാക്കുകളാണിത്.
അതെ, ഒരുപാട് പേർക്ക് വായനയുടെയും അറിവിന്റെയും സുഗന്ധം പരത്തിയ റീഡേഴ്സ് ഡൈജസ്റ്റ് ബ്രിട്ടനില്‍ പ്രസിദ്ധീകരണം നിർത്തിയിരിക്കുകയാണ്.
നിരവധി കഥകള്‍ പറയുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്പർശിക്കുകയും ചെയ്ത 86 അത്ഭുതകരമായ വർഷങ്ങള്‍ക്ക് ശേഷമാണ് മാസികയുടെ അച്ചടി അവസാനിപ്പിക്കുന്നത്. കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് ബ്രിട്ടീഷ് എഡിഷന്റെ പ്രസിദ്ധീകരണം അവസാനിപ്പിക്കാൻ കാരണം.
വർഷങ്ങളായുള്ള വായനക്കാരുടെ അചഞ്ചലമായ പിന്തുണയ്ക്കും വിശ്വസ്തതയ്ക്കും പ്രോത്സാഹനത്തിനും താൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്ന് ഇവാ മക്കെവിക് പറഞ്ഞു. നിങ്ങളുടെ കത്തുകളും കവിതകളും ഉപന്യാസങ്ങളും ചിത്രങ്ങളും ഞങ്ങളുടെ പേജുകളില്‍ ജീവിതവും ഹൃദയവും നിറച്ചിരിക്കുന്നു. പങ്കുവെച്ച ഓരോ കഥയും മനുഷ്യാനുഭവങ്ങളുടെ മനോഹരമായ നൂലിനാല്‍ കോർത്തിരിക്കുന്നു. നമ്മെയെല്ലാം ആഴത്തിലുള്ള വഴികളില്‍ അത് ബന്ധിപ്പിക്കുന്നു’-അവർ കൂട്ടിച്ചേർത്തു.
നിര്‍ഭാഗ്യവശാല്‍ കമ്ബനിക്ക് ഇന്നത്തെ മാഗസിന്‍ പ്രസിദ്ധീകരണത്തിന്റെ സാമ്ബത്തിക സമ്മര്‍ദങ്ങളെ നേരിടാന്‍ കഴിഞ്ഞില്ല. അതിനാല്‍ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നു. ഓർമകള്‍ ആസ്വദിക്കാനുള്ള മാർഗമായി ഞങ്ങളുടെ മൂല്യമുള്ള വരിക്കാർക്ക് പഴയ കോപ്പികളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ലഭ്യമാക്കുമെന്നും മക്കെവിക് കൂട്ടിച്ചേർത്തു.
ലോകവ്യാപകമായി പ്രചാരമുള്ള മാസികയാണ് റീഡേഴ്‌സ് ഡൈജസ്റ്റ്. 1922 ഫെബ്രുവരി അഞ്ചിന് ലില ബെല്‍ വാലസും ഡെവിറ്റ് വാലസും ചേര്‍ന്ന് ന്യൂയോര്‍ക്കിലാണ് ആരംഭിക്കുന്നത്. 1938 മാസികയുടെ യു.കെ പതിപ്പ് പുറത്തിറങ്ങി.
അന്താരാഷ്‌ട്ര പതിപ്പുകള്‍ റീഡേഴ്‌സ് ഡൈജസ്റ്റിനെ ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മാഗസിനാക്കി മാറ്റി. എല്ലാ പതിപ്പുകളും ഉള്‍പ്പെടെ അതിൻ്റെ ലോകമെമ്ബാടുമുള്ള സർക്കുലേഷൻ 17 ദശലക്ഷം കോപ്പികള്‍ വരയെത്തിയിരുന്നു. കൂടാതെ 70 ദശലക്ഷം വായനക്കാരുമുണ്ടായിരുന്നു. റീഡേഴ്‌സ് ഡൈജസ്റ്റ് നിലവില്‍ 49 പതിപ്പുകളിലും 21 ഭാഷകളിലും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇന്ത്യയുള്‍പ്പെടെ 70-ലധികം രാജ്യങ്ങളില്‍ മാസിക ലഭ്യമാണ്.
1954 ജനുവരിയില്‍ മാഗസിൻ്റെ ബ്രിട്ടീഷ് കമ്ബനിയാണ് ഇന്ത്യൻ പതിപ്പ് ആദ്യമായി പുറത്തിറക്കിയത്. പ്രതിമാസം 40,000 കോപ്പികള്‍ ഇന്ത്യയിലേക്ക് അയക്കാനായി ഇംഗ്ലണ്ടില്‍ പ്രത്യേകം എഡിറ്റ് ചെയ്യുകയും പ്രിൻ്റ് ചെയ്യുകയും ചെയ്തു. അന്ന് ഒരു കോപ്പിയുടെ വില 1.50 രൂപയായിരുന്നു.
1955ല്‍ മാസികയുടെ ഇന്ത്യൻ സർക്കുലേഷൻ 60,000 കടന്നു. 1963 ഏപ്രിലില്‍ ബ്രിട്ടീഷ് കമ്ബനിയുടെ അനുബന്ധ സ്ഥാപനമായ ദി റീഡേഴ്‌സ് ഡൈജസ്റ്റ് അസോസിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യൻ കമ്ബനി രജിസ്റ്റർ ചെയ്യുകയും മാസിക പൂർണമായും ഇന്ത്യയില്‍ അച്ചടിക്കാൻ ആരംഭിക്കുകയും ചെയ്തു. അപ്പോഴേക്കും, മുംബൈയില്‍ നിന്നുള്ള സർക്കുലേഷൻ 100,000 ആയി ഉയർന്നു. പിന്നീട് കൊല്‍ക്കത്തയിലും ചെന്നൈയിലും ഡല്‍ഹിയിലുമെല്ലാം ഓഫീസുകള്‍ തുറന്നു. 2008ല്‍ ആറ് ലക്ഷം വരിക്കാരാണുണ്ടായിരുന്നത്. ഏതാനും വർഷങ്ങളായി വരിക്കാരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.